ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി മലബാർ സ്മാരക കുടിയേറ്റ മ്യൂസിയത്തിൽ സ്ഥാപിക്കുന്ന തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമ നിർമാണത്തിന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യൂണിറ്റുകളിൽനിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച അസംസ്കൃത വസ്തുക്കളായ ഓട്, വെങ്കലം, പിച്ചള തുടങ്ങിയവ പ്രതിമ നിർമാണ കമ്മിറ്റിയെ ഏല്പിച്ചു.
അസംസ്കൃത വസ്തുക്കൾ കൂടുതലും ലഭിച്ചത് ചെമ്പന്തൊട്ടി, കുടിയാന്മല മേഖലകളിൽ നിന്നാണെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കാസർഗോഡ്, പനത്തടി, മാലോം, ചിറ്റാരിക്കൽ, തേർത്തല്ലി, ആലക്കോട്, വായാട്ടുപറമ്പ്, തളിപ്പറമ്പ്, ചെമ്പേരി, പൈസക്കരി, നെല്ലിക്കാംപൊയിൽ, കുന്നോത്ത്, എടൂർ, പേരാവൂർ മേഖലകളിൽനിന്ന് 16 ക്വിന്റൽ അസംസ്കൃത വസ്തുക്കൾ ലഭിച്ചു.
വെള്ളരിക്കുണ്ട്, ചെറുപുഴ, മണിക്കടവ് മേഖലകളിൽ നിന്നുള്ള സാധനങ്ങൾ അടുത്തദിവസം എത്തിക്കും. ചെമ്പന്തൊട്ടി ഫൊറോന പള്ളി പരിസരത്ത് ചേർന്ന യോഗത്തിലാണ് സാധനങ്ങൾ കൈമാറിയത്. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, മറ്റു ഭാരവാഹികളായ ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറക്കൽ എന്നിവർ ചേർന്ന് വെങ്കല പ്രതിമ നിർമാണ കമ്മിറ്റി ഭാരവാഹികളായ ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, നടുവിൽ പഞ്ചായത്ത് മുൻപ്രസിഡന്റ് പി.ടി. മാത്യു, ജോസഫ് മാത്യു കൈതമറ്റം, ജോയ് തടത്തിൽ എന്നിവർക്ക് അസംസ്കൃത വസ്തുക്കൾ കൈമാറി.
ബിജു മണ്ഡപത്തിൽ, കെ.എ. ജോസഫ് കൊച്ചു കുന്നത്തുപറമ്പിൽ, ജയ്സൺ അട്ടാറിമാക്കൽ, സജീവ്, കത്തോലിക്കാ കോൺഗ്രസിന്റെ ചെമ്പന്തൊട്ടി യൂണിറ്റ് ഭാരവാഹികൾ എന്നിവർ വിവിധ മേഖലകളിൽനിന്നായി എത്തിച്ച സംസ്കൃത വസ്തുക്കൾ ചെമ്പന്തൊട്ടിയിൽ ശേഖരിക്കുന്നതിന് നേതൃത്വം വഹിച്ചു.