മഞ്ചേരി: കഴിഞ്ഞ ഒന്‍പത് വർഷത്തിനിടെ സംസ്ഥാന സർക്കാർ 277 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ നടത്തിയതെന്ന് ആരോഗ്യ- വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്.
ജനറൽ ആശുപത്രി 2013 ൽ മെഡിക്കൽ കോളജായി ഉയർത്തിയ ശേഷം അടിസ്ഥാന സൗകര്യങ്ങളുടെ വലിയ കുറവുണ്ടായിരുന്ന ഇവിടെ മികച്ച സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കിവരുന്നതെന്നും ഭാവി പദ്ധതികൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജിൽ നിർമാണ പൂർത്തിയാക്കിയ 114.92 കോടിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മഞ്ചേരി മെഡിക്കൽ കോളജിൽ 103.86 കോടി രൂപ ചെലവിൽ നിർമിച്ച ഗേൾസ് ഹോസ്റ്റൽ, ടീച്ചിംഗ് സ്റ്റാഫ് ക്വാർട്ടേഴ്സ്, ഇന്റേണൽ റോഡ്, 1.10 കോടി ചെലവിൽ നിർമിച്ച ഇന്റർവെൻഷനൽ റേഡിയോളജി ബ്ലോക്ക്, 2.35 കോടിയുടെ ചെലവിൽ നിർമാണം പൂർത്തിയാക്കിയ വൈറൽ റിസർച്ച് ലാബ് (വിആർഡിഎൽ), 1.38 കോടിയുടെ 750 കെവിഎ ജനറേറ്റർ, 1.20 കോടി ചെലവിൽ നിർമിച്ച ലേബർ റൂം ആൻഡ് കാർഡിയോളജി ഒപി, അഞ്ചു കോടി രൂപ ചെലവിൽ സ്ഥാപിച്ച 128 സ്ലൈഡ് സിടി സ്കാൻ യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
തൃക്കലങ്ങോട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കരിക്കാട്, ചെറുകുത്ത് സബ് സെന്ററുകൾ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി ഓണ്‍ലൈനായി നിർവഹിച്ചു.
പരിപാടിയിൽ അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. വിനോദ്, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഇൻചാർജ് ഡോ.കെ.വി. വിശ്വനാഥൻ, നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദ, വൈസ് ചെയർപേഴ്സണ്‍ വി.പി. ഫിറോസ്, നഗരസഭ കൗണ്‍സിലർമാരായ ഷെറീന ജവഹർ, അഡ്വ. പ്രേമ രാജീവ്, കഐച്ച്ആർഡബ്ല്യൂഎസ് എംഡി സുധീർ ബാബു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽരാജ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക തുടങ്ങിയവർ പങ്കെടുത്തു.