നിലന്പൂർ:വിവിധ കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ഇന്ന് നിലന്പൂർ മണ്ഡലത്തിലെ കൃഷിഭവനുകളിലേക്ക് മാർച്ച് നടത്തും. നിലന്പൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ കൃഷിഭവനിലേക്കും മാർച്ച് നടത്തുമെന്ന് മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വന്യജീവിശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, നഷ്ടപരിഹാര തുക കാലോചിതമായി വർധിപ്പിക്കുക, കർഷക പെൻഷൻ 10000 രൂപയായി വർധിപ്പിക്കുക, നെല്ല് സംഭരണത്തിന്റെ കുടിശിക വിതരണം ചെയ്യുക,
സംഭരണ സമയത്ത് തന്നെ നെല്ല് വില നൽകുക, ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുക, രാസവള വില കുറക്കുക,കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, കർഷകരുടെ കടം എഴുതിത്തള്ളുക, ജപ്തി, ലേല നടപടികൾ നിർത്തിവയ്ക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ പ്രമുഖർ സംബന്ധിക്കുമെന്നും സ്വതന്ത്ര കർഷക ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാപ്പനു മുത്തേടം, കുന്നുമ്മൽ സൈതലവി, കുഞ്ഞാലൻ ഹാജി, റസാഖ് എന്നിവർ പങ്കെടുത്തു.