പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജൻ തസ്തിക അനുവദിക്കുന്നതിന് മുൻഗണന നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സജ്ജമാക്കിയ പുതിയ ഒപി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിലവിൽ 18 ഫോറൻസിക് സർജൻ തസ്തികകൾ മാത്രമാണുള്ളത്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്നും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ വേഗമാക്കുമെന്നും മന്ത്രി അറിയിച്ചു.
നവകേരള കർമ പദ്ധതി- രണ്ടിൽ ഉൾപ്പെടുത്തി ആതുരാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് എൻഎച്ച്എം മുഖേന 1.26 കോടി രൂപ വകയിരുത്തി നിർമിച്ചതാണ് ഒപി കെട്ടിടം. ഗ്രൗണ്ട് ഫ്ളോറിൽ ജനറൽ മെഡിസിൻ ഒപി, ചെസ്റ്റ് ഒപി, ഡെർമറ്റോളജി ഒപി, ഓർത്തോ ഒപി എന്നിവയും ജനറൽ സർജറി ഒപി, ഇഎൻടി ഒപി, ഓങ്കോളജി ഒപി തുടങ്ങിയവ ഒന്നാം നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
നജീബ് കാന്തപുരം എം.എൽ. അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നസീബ അസീസ് മയ്യേരി, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി. ഷഹർബാൻ, റഹ്മത്തുന്നീസ, നഗരസഭാ കൗണ്സിലർമാരായ ഹുസൈന നാസർ, തസ്നീമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആശുപത്രി സൂപ്രണ്ട് ഡോ. എൽ. ഷീന ലാൽ തുടങ്ങിയവർ പങ്കെടുത്തു.