റാന്നി: പരിമിതികളെ വെല്ലുവിളിച്ച് കനകം വിളയിച്ചയാളാണ് മനു. മികച്ച ഭിന്നശേഷി കർഷകനുള്ള ഇക്കൊല്ലത്തെ അവാർഡ് വെച്ചൂച്ചിറ അരീപ്പറന്പിൽ വർഗീസ് തോമസിനെ (മനു) തേടിയെത്തിയപ്പോൾ അതിൽ വ്യത്യസ്തതകളുടെ ഒട്ടേറെ അനുഭവങ്ങളുണ്ട്. മനുവിനൊപ്പം ഒരു കുടുംബം മണ്ണിനോടു ചേർന്നു നടത്തുന്ന ജൈത്രയാത്രയ്ക്കുള്ള അംഗീകാരം കൂടിയാണിത്.
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ നിരവധി തവണ ലഭിച്ചിട്ടുണ്ടെങ്കിലും ഈ ജൈവകർഷകനെ തേടി കാർഷിക ക്ഷേമവകുപ്പിന്റെ സംസ്ഥാനതലത്തിലുള്ള ഒരു പുരസ്കാരം ഇതാദ്യം. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരം മുന്പ് മനുവിനു ലഭി ച്ചിട്ടുണ്ട്.
ജീവിതത്തിലെ പരിമിതികളോടു പലവിധ കൃഷികളിലൂടെ പൊരുതാനാണ് മനു തീരുമാനിച്ചത്. ആറാം വയസിൽ അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടു. മുതിർന്നപ്പോൾ ആദ്യം കച്ചവടത്തിലേക്കു തിരിഞ്ഞു. എന്നാൽ, 10 വർഷ ത്തിലേറെയായി കൃഷിയിടമാണു മനുവിന്റെ ലോകം, സംയോജിത കൃഷിരീതി പരീക്ഷിച്ചു. ഇതിനിടെയിലുണ്ടായ വെല്ലുവിളികളെ മനു സ്വതസിദ്ധമായ ശൈലിയിൽ നേരിട്ടു. കൂട്ടിനൊരു വാഹനവും കുടുംബവും ഇതാണ് തന്റെ വിജയരഹസ്യമെന്ന് മനു പറയുന്നു.
ആറേക്കറിലേറെയുള്ള തോട്ടത്തിൽ കുരുമുളക്, കാപ്പി, ജാതി എന്നിവയാണു മുഖ്യവിളകൾ. കൊക്കോ, വാഴ, തെങ്ങ്, വിവിധതരം മാവുകൾ, മാങ്കോസ്റ്റിൻ, വിവിധതരം പ്ലാവുകൾ, റംബുട്ടാൻ, ഏലം, റബർ, പച്ചക്കറികൾ തുടങ്ങിയവയും കൃ ഷി ചെയ്യുന്നുണ്ട്. എന്നാൽ, ആദായം കോഴിവളർത്തലിലാണ്. ഹൈബ്രിഡ് രീതിയിലുള്ള കോഴികളാണ്. പ്രതിമാസം ആയിരത്തി അഞ്ഞൂറോളം ബ്രോയ്ലറടക്കം കോഴികളെയാണു മനുവിന്റെ ഫാമിൽ നിന്ന് വിൽക്കുന്നത്. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന നഴ്സറിയും ഫാമിലുണ്ട്.
പശു, ആട്, തേനീച്ച എന്നിവയെ വളർത്തിയും മനു വിജയം കൈവരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും ഭാര്യ മിനിയുടെയും കുട്ടികളായ അനു, മിയാ, എബൽ പൂർണപിന്തുണയുള്ളതി നാൽ കൃഷിയിടത്തിലേക്കിറങ്ങാൻ ശാരീരിക പരിമിതികൾ തടസമല്ല.
എഴുപത്തിയാറു വയസ്സുള്ള പിതാവ് എ.വി.തോമസിന്റെ (രാജു ) പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. മുച്ചക്ര വാഹനത്തിലാണ് അഞ്ചര ഏക്കറിലുള്ള കൃഷിയിടങ്ങളിലെത്തുന്നത്. ഇതിനായി പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്. മൂത്തമകൾ അനു നഴ്സിംഗ് വിദ്യാർഥിനിയാണ്. മിയ പ്ലസ്ടുവിനും മകൻ ഏബൽ ആറിലും പഠിക്കുന്നു.