മങ്കൊമ്പ്: ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ ഭാഗമായി രാജപ്രമുഖൻ ട്രോഫിയും വഹിച്ചുള്ള വിളംബര ഘോഷയാത്ര നടത്തി. കുറിച്ചി പാർഥസാരഥി ക്ഷേത്രത്തിൽ മണിക്കുട്ടൻ തിരുമേനി ഭദ്രദീപം തെളിയിച്ചു. ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
കുട്ടനാട് തഹസിൽദാർ ഷിബു സി. ജോബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, മുട്ടാർ, തലവടി, എടത്വ, തകഴി, അമ്പലപ്പുഴ ക്ഷേത്രം, നെടുമുടി മഠത്തിൽ ക്ഷേത്രം, ചമ്പക്കുളം പടിപ്പുരയ്ക്കൽ ക്ഷേത്രം, ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്ക, കൈനകരി, മാപ്പിളശേരി തറവാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ഘോഷയാത്ര മങ്കൊമ്പ് ജംഗ്ഷനിൽ സമാപിച്ചു.
സമാപനസമ്മേളനം തോമസ് കെ. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കല്ലൂർക്കാട് ബസിലിക്ക റെക്ടർ റവ. ഡോ. ജയിംസ് പാലയ്ക്കൽ മുഖ്യാതിഥിയായി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. തങ്കച്ചൻ, ടി.ടി. സത്യദാസ്, നീനു ജോസഫ്, ആർ. രാജുമോൻ, ബിന്ദു ശ്രീകുമാർ, ഗായത്രി ബി. നായർ, ആൻസി ബിജോയ്, എസ്. അജയകുമാർ, മിനി മന്മഥൻ നായർ, എം.സി. പസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.