മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാളായി ഫാ. ജോബ് കല്ലുവിളയിലിനെ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ പോളികാർപ്പോസ് നിയമിച്ചു.1967 സെപ്റ്റംബർ 27ന് കൊട്ടാരക്കര അമ്പലപ്പുറം കല്ലുവിളയിൽ കെ.എം. കൊച്ചുമ്മൻ-മേരിക്കുട്ടി ദമ്പതികളുടെ മകനായാണ് ജനനം.
അമ്പലപ്പുറം ഇടവകാംഗമായ ഇദ്ദേഹം അമ്പലപ്പുറം, കൊട്ടാരക്കര, നെടുവത്തൂർ, എഴുകോൺ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും തുടർന്ന് സെന്റ് മേരീസ് മലങ്കര സെമിനാരിയിലും ആലുവ സെന്റ് ജോസഫ് സെമിനാരിയിലും വൈദിക പരിശീലനം നടത്തി. 1994 ഡിസംബർ 28ന് ആയൂരിൽ ലോറെൻസ് മാർ അപ്രേം തിരുമേനിയിൽനിന്നും തിരുവനന്തപുരം അതിഭദ്രാസനത്തിനുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു.
ചെങ്ങന്നൂർ, കുറിച്ചിമുട്ടം, ആലാ, ചെറിയനാട്, വെൺമണി, കോടുകുളഞ്ഞി, പുന്തല, പാറശാല, കുടയാൽ, അരുവംകോട്, കരിമണ്ണൂർ, പുതുശേരിഭാഗം, വയല, ഏനാത്ത്, പുത്തൂർ, കാരിക്കൽ, പൂവത്തൂർ, തേവലപ്പുറം, കരുവേലിൽ, ഹ്യൂസ്റ്റൺ -അമേരിക്ക, ഇലഞ്ഞിമേൽ, ആല, ചേപ്പാട്, രാമപുരം, നല്ലില, പുളിയില, ഹരിപ്പാട്, ചെറുതന എന്നീ പള്ളികളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.
സഭാതല എംസിവൈഎം ഡയറക്ടറായും പാറശാല, പുത്തൂർ, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ വൈദിക ജില്ലകളുടെ ജില്ലാ വികാരിയായും സെന്റ് മരിയ വിയാനി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ആയും ചെങ്ങന്നൂർ പുലിയൂർ മാർ ഈവാനിയോസ് ലോ കോളജ് ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചു.