കായംകുളം: പത്തു കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കായംകുളം കെഎസ് ആർടിസി ബസ് സ്റ്റേഷന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണത്തിനു മുന്നോടിയായുള്ള മണ്ണു പരിശോധന ഇന്നലെ ആരംഭിച്ചു. ഇനിയും പൊളിച്ചുമാറ്റേണ്ടതായുള്ള കാന്റീൻ കെട്ടിടം ഉൾപ്പടെ പൊളിച്ചു മാറ്റുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായി യു. പ്രതിഭ എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനാണ് പുതിയ കെട്ടിടത്തിന്റെ നിർമാണച്ചുമതല.
19,584 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളായാണ് കെട്ടിടം നിർമിക്കുന്നത്. ഒന്നാം നിലയിൽ സ്റ്റേഷൻമാസ്റ്ററുടെ ഓഫീസ്, അന്വേഷണ കൗണ്ടർ, റിസർവേഷൻ കൗണ്ടർ, സെക്യൂരിറ്റികൾക്കുള്ള മുറികൾ, സ്ത്രീകൾക്കായുള്ള വെയിറ്റിംഗ് ഏരിയ, മെഡിക്കൽ റൂം, സ്ത്രീകൾ, പുരുഷന്മാർ, അംഗപരിമിതർ എന്നിവർക്കായി പ്രത്യേകം ശുചിമുറികൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ശീതീകരിച്ച ഫാമിലി വെയ്റ്റിംഗ് മുറി , സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള താമസസൗകര്യങ്ങൾ, ശുചിമുറികൾ, ട്രാൻഫോർട്ട് ഓഫീസർ, ഡിപ്പോഎൻജിനിയർ എന്നിവരുടെ ഓഫീസ്, കെഎസ്ആർടിസി ഓഫീസുകൾ, ടിക്കറ്റ്, വെയിറ്റിംഗ് ഏരിയ ഉൾപ്പെടെ ടിക്കറ്റ് കാഷ് കൗണ്ടറുകൾ, കോഫിബാർ എന്നിവയാണ് ഒന്നാം നിലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ലിഫ്റ്റ് സൗകര്യവും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും പദ്ധതിയിലുണ്ട്. 2023 -2024 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് പത്തു കോടി രൂപ അനുവദിച്ചിട്ടുള്ളത്.