വിശ്വാസികളെ ദൈവത്തിലേക്കും സഭയിലേക്കും
വഴിനടത്തിയ ജൂബിലിയാഘോഷം
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമാകുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 26നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ തിരിതെളിച്ച് ആരംഭിച്ച ജൂബിലി 26നു പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ സമാപിക്കും. ജൂബിലി ആഘോഷത്തിനു നേതൃത്വം നല്കുന്ന മുഖ്യവികാരി ജനറാൾ മോണ്‍. ഡോ. ജോസഫ് തടത്തില്‍ ദീപികയോട് സംസാരിക്കുന്നു.
ഒരുക്കങ്ങള്‍
പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ബാഹ്യമായ ആഘോഷങ്ങള്‍ക്കല്ല പ്രാധാന്യം കൊടുത്തത്. കുടുംബങ്ങളുടെ നവീകരണമായിരുന്നു മുഖ്യം. മൂന്നേകാല്‍ ലക്ഷത്തിലേറെ വിശ്വാസികള്‍ രൂപതയിലുണ്ട്. ഇവരെ ഈശോയിലേക്കും സഭയിലേക്കും കൂടുതല്‍ അടുപ്പിക്കാനായി വിവിധ തരത്തിലുളള ആത്മീയ ഒരുക്കങ്ങള്‍ നടത്തി. ശതാബ്ദിയിലേക്കുള്ള ഒരുക്കമായിട്ടാണു പ്ലാറ്റിനം ജൂബിലി ആഘോഷത്തെ കണ്ടത്.
ഒരുമയുടെ കൂട്ടായ്മകള്‍
രൂപതയില്‍ ആത്മീയ മുന്നേറ്റമുണ്ടാക്കുന്നതിനായി എല്ലാവരെയും ഒരുമിച്ചുകൂട്ടാനായി ശ്രമിച്ചു. രൂപതയില്‍നിന്നുള്ള മിഷനറിമാരെ സംഘടിപ്പിച്ച് മിഷന് സംഗമം, ക്രൈസ്തവ സംഗമം, 75 വയസുകാരുടെ സംഗമം, ദേവാലയ ശുശ്രൂഷികളുടെ കൂട്ടായ്മ, ദേവാലയത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കൂട്ടായ്മ എന്നിവ നടത്തി.
കൂടാതെ യുവജനസംഗമം, എകെസിസി കൂട്ടായ്മ, പിതൃ-മാതൃവേദി കൂട്ടായ്മ, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിക്കു കീഴിലുള്ള അധ്യാപകര്‍, വയോജനങ്ങള്‍, കുഞ്ഞുങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവരെ ഒരുമിച്ചുകൂട്ടി. വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം എയ്ഞ്ചൽസ് മീറ്റ് ഫൊറോന തലത്തില്‍ നടത്തി. ഉത്ഥാന എന്ന പേരില്‍ മെഗാ ലിറ്റര്‍ജിക്കല്‍ ക്വിസും നടത്തി.
ഹോം മിഷന്
ഹോം മിഷന് പ്രോജക്ടിലൂടെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സന്ദേശവുമായി മുഴുവന്‍ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി. സിസ്റ്റർമാരാണ് നേതൃത്വം നല്‍കിയത്. ഓരോ ടീമും ദിവസവും ആറു വീടുകള്‍വീതം സന്ദര്‍ശിച്ച് കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ കേട്ട് അവര്‍ക്ക് സാന്ത്വനമേകി. സന്ദര്‍ശനത്തിലൂടെ ലഭിച്ച വിവരങ്ങള്‍ പിതാവിനെ അറിയിക്കുകയും ചെയ്തു. ജൂബിലി വര്‍ഷം പ്രമാണിച്ച് ഭൂരിഭാഗം ഇടവകകളിലും രൂപതാധ്യക്ഷന്‍ സന്ദര്‍ശനം നടത്തുകയും ഇടവക ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
അനുഗ്രഹവേള
ജൂബിലി വര്‍ഷത്തില്‍ രൂപതയ്ക്ക് നാല്പതാമത് ബിഷപ്പിനെയും ലഭിച്ചു. ജലന്ധര്‍ രൂപത ബിഷപ്പായി ചെമ്മലമറ്റം ഇടവകാംഗം റവ. ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ നിയമിതനായി. ജൂബിലി വര്‍ഷത്തില്‍ 15 നവവൈദികരെ രൂപതയ്ക്ക് ലഭിച്ചു എന്നതും വലിയ ദൈവാനുഗ്രഹമാണ്. ദൈവവിളികളില്‍ സമ്പന്നമാണ് രൂപത. 494 രൂപതാ വൈദികരുണ്ട്. 12000ലേറെ സിസ്റ്റർമാർ കേരളത്തിനകത്തും പുറത്തും വിദേശത്തും സേവനം ചെയ്യുന്നു.
1500 വീടുകള്‍ നിര്‍മിച്ചു
കെയര്‍ ഹോം പദ്ധതിപ്രകാരം 1500 വീടുകള്‍ നിര്‍മിച്ചു നല്‍കാനായി. ഭവനരഹിതരായ നിരവധി ആളുകള്‍ക്കുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കര്‍ഷകപക്ഷം
രൂപത കാര്‍ഷിക പ്രദേശമാണ്. രൂപതാംഗങ്ങള്‍ കൂടുതലും കര്‍ഷകരുമാണ്. കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായി വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. പ്ലാറ്റിനം ജൂബിലി സ്മാരകമായി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിക്കുകയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി സാന്തോം എന്ന പേരില്‍ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. ഇടവക തലങ്ങളില്‍ കൂടുതല്‍ കാര്‍ഷിക മുന്നേറ്റങ്ങളും നടന്നു വരുന്നു.
ജൂബിലി സമാപന ദിനത്തില്‍
സമൂഹബലിയും
പൊതുസമ്മേളനവും
ജൂബിലി ആഘോഷ സമാപനങ്ങളുടെ ഭാഗമായി 26നു രാവിലെ 9.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം രൂപതിലെ മുഴുവന്‍ വൈദികരും കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ സന്ദേശം നല്‍കും. തുടര്‍ന്ന് 11ന് കത്തീഡ്രല്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ശശി തരൂര്‍ എംപി, സണ്ണി ജോസഫ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും.