ജില്ലയില്‍ ബഹുമുഖ ദുരന്ത
നിരീക്ഷണ സംവിധാനം ഒരുക്കും
ഇടുക്കി: ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യാ സംവിധാനവുമായി ജില്ലാ ഭരണകൂടം. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന ഇടുക്കി ഡിസാസ്റ്റര്‍ റെസിലിയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന നൂതന മുന്‍കരുതല്‍ സംവിധാനത്തിന്റെ പരീക്ഷണ പ്രവര്‍ത്തനം ഈ മഴക്കാലത്ത് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി, രാജക്കാട് മേഖലകളിലാണ് പദ്ധതി ആരംഭിക്കുന്നത്.
എഐ അടക്കമുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉരുള്‍പൊട്ടല്‍, പ്രളയം, കാട്ടുതീ, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുക, ജിഐഎസ് അധിഷ്ഠിത റിസ്ക് മാപ്പിംഗ് വഴി യഥാസമയ ഡേറ്റ സംയോജിപ്പിച്ച് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ആസൂത്രണം, ഭൂമിയുടെ ഉപയോഗത്തെക്കുറിച്ച് പ്രാദേശിക, ജില്ലാ തലങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പിന്തുണ, വന്യജീവി ആക്രമണം കുറയ്ക്കാനുള്ള സംയോജിത പദ്ധതി തയാറാക്കല്‍, സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടങ്ങള്‍ കുറയ്ക്കല്‍, വനജല വിനിമയം, മണ്ണിന്റെ ഘടനയും മഴയുടെ രീതിയും അനുസരിച്ചുള്ള കൃഷിയും വനപരിപാലനവും എന്നിവയാണ് ഐഡ്രിസിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് സെന്‍സറുകള്‍ സ്ഥാപിക്കുന്ന സ്ഥലം, ജിഐഎസ് ലെയറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഐഡ്രിസ് സോഫ്റ്റ്വേറിന്റെ വികസനവും ഫീല്‍ഡ്തല പരിശോധനയും ഉടന്‍ ആരംഭിക്കും.
സെന്‍സര്‍ സാങ്കേതികവിദ്യ, ജിഐഎസ് റിസ്ക് ലെയറുകള്‍, മെഷീന് ലേണിംഗ് എന്നിവയെ ഏകോപിപ്പിച്ച് രാജ്യത്തെ ഏറ്റവും ദുരന്ത പ്രതിരോധശേഷിയുള്ള മലയോര ജില്ലയായി ഇടുക്കിയെ മാറ്റുകയാണ് ലക്ഷ്യം. നിരീക്ഷണ സംവിധാനത്തില്‍ 46 ഉരുള്‍പൊട്ടല്‍ സെന്‍സറുകള്‍, 48 നദീനിരപ്പ് ഗേജുകള്‍ എന്നിവയുണ്ടാകും. ഈ സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലെ ജിഐഎസ് പ്ലാറ്റ്ഫോമിലേക്ക് തത്സമയം എത്തും.
ജിഐഎസ് അടിസ്ഥാനത്തിലുള്ള റിസ്ക് ലെയറിംഗ് വഴി ഉരുള്‍പൊട്ടല്‍ മേഖലകള്‍, പ്രളയ മേഖലകള്‍, വന്യജീവി വഴിത്താരകള്‍, അണക്കെട്ട് ബഫര്‍ സോണുകള്‍, കാലാവസ്ഥാ മുന്നറിയിപ്പു പ്രവചനങ്ങള്‍ എന്നിവ അടങ്ങിയ മള്‍ട്ടിലെയര്‍ മാപ്പുകള്‍ തയാറാക്കും. പഞ്ചായത്ത് അതിരുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ജനസാന്ദ്രത എന്നിവയും ഒപ്പം നിര്‍ണയിക്കും.
സ്മാര്‍ട്ട് അലര്‍ട്ട് പ്രോട്ടോകോള്‍ സംവിധാനമാണ് മറ്റൊരു സവിശേഷത. ഇതുവഴി എസ്എംഎസ്, ഐവിആര്‍എസ്, സൈറണ്‍, റേഡിയോ, മൊബൈല്‍ ആപ്പ് എന്നിവ വഴി വിവിധ വകുപ്പുകളിലേക്കും പൊതുജനങ്ങളിലേക്കും തത്സമയ മുന്നറിയിപ്പുകള്‍ നല്‍കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, പ്രാദേശിക ആദിവാസി ഭാഷകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആശയവിനിമയം നടത്തും.
വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും സംവിധാനം പ്രയോജനപ്പെടുത്തും.
പദ്ധതി പ്രകാരം മണ്ണിടിച്ചിലും മണ്ണിന്റെ ഈര്‍പ്പവുമായി ബന്ധപ്പെട്ട് മാപ്പുകള്‍ പരിശോധിച്ച ശേഷമേ റോഡുകളുടെ സ്ഥാനം തീരുമാനിക്കൂ. റെഡ്, ഓറഞ്ച് സോണുകളില്‍ കെട്ടിടങ്ങള്‍ അനുവദിക്കില്ല. നദീനിരപ്പും പ്രളയ മാപ്പിംഗും അനുസരിച്ചാകും ചെക്ക് ഡാമുകള്‍ സ്ഥാപിക്കുക. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ മഴ, നീരൊഴുക്ക് എന്നിവ നിരീക്ഷിച്ച് ഏകോപന പ്രവര്‍ത്തനങ്ങള്‍, നഗര-പഞ്ചായത്തുതല ജലസുരക്ഷ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ദുരന്തസാധ്യതകള്‍ ഏറെയുള്ള ജില്ലയാണ് ഇടുക്കി. രണ്ടായിരം വര്‍ഷം മുതല്‍ 600ഓളം ഉരുള്‍പൊട്ടലുകള്‍, ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കങ്ങള്‍, വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങള്‍, അപകടകരമായ നിര്‍മിതികള്‍, കാട്ടുതീ ഉള്‍പ്പെടെയുള്ള വ്യത്യസ്ത സാഹചര്യങ്ങളാണ് ജില്ലയിലുള്ളത്. ഇതു കണക്കിലെടുത്താണ് ബഹുമുഖ ദുരന്ത നിരീക്ഷണ സംവിധാനം സജ്ജമാക്കുന്നത്. പൊതുമരാമത്ത്, തദ്ദേശഭരണം, വനംവകുപ്പ്, റവന്യു, ജലസേചനം, കാര്‍ഷികം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികളില്‍ ദുരന്ത നിവാരണം ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥര്‍, സ്കൂള്‍ ക്ലബ്ബുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.