അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളി​ല്ലാതെ ക​ട്ട​പ്പ​ന പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡ്
Thursday, July 3, 2025 12:05 AM IST
പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് പ​രാ​തി. എ​ല്ലാം ഉ​ട​ന​ടി പ​രി​ഹ​രി​ക്കു​മെ​ന്ന വാ​ഗ്ദാ​നം മാ​ത്ര​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തിയ​ട​ക്കം രം​ഗ​ത്ത്.കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​വും ചോ​ര്‍​ന്നൊ​ലി​ക്കു​കയാ​ണ്.

ഇ​ത് കോം​പ്ല​ക്‌​സി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടും ന​ഷ്ട​വും ഉ​ണ്ടാ​ക്കു​ന്നു​. വ​ലി​യ വാ​ട​ക ന​ല്‍​കി​യാ​ണ് പ​ല വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, അ​തി​നുത​ക്ക ക്ര​മീ​ക​ര​ണ​ങ്ങ​ളോ സം​വി​ധാ​ന​ങ്ങ​ളോ കോം​പ്ല​ക്‌​സി​ലി​ല്ല.

ബ​സ് സ്റ്റാ​ന്‍​ഡ് പൂ​ര്‍​ണ​മാ​യി വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളോ കു​ടി​വെ​ള്ള സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ല. ഇ​ത് വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും പ്ര​തി​സ​ന്ധി​യാ​ണ്.

അ​വ​ധി ദി​ന​ങ്ങ​ളി​ലും രാ​ത്രിസ​മ​യ​ങ്ങ​ളി​ലും സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ കേ​ന്ദ്രം കൂ​ടി​യാ​ണ് ഇ​വി​ടം.​പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ മു​മ്പാ​കെ അ​റി​യി​ച്ചി​ട്ടും മു​ഖം തി​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ കാ​മ​റ സ്ഥാ​പി​ക്കു​ക​യും വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​പ്പി​ക്കു​ക​യും സെ​ക്യൂ​രി​റ്റി​യെ നിയമിക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.