തൊടുപുഴ: ഛത്തീസ്ഗഡിൽ എട്ടുദിവസമായി ജയിലിൽ കഴിയുന്ന രണ്ടു മലയാളി കന്യാസ്ത്രീകളുടെ ജയിൽമോചനം സാധ്യമാക്കുന്നതിനു കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് തൊടുപുഴയിൽ പ്രതിഷേധ ധർണയും ജപമാല റാലിയും നടത്തും.
മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരിക്കുന്നത്.
രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രൂഷാരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അമൂല്യമായ സംഭാവനകളാണ് ക്രൈസ്തവ സഭയും മിഷനറിമാരും നടത്തുന്നത്.
രൂപതയിലെ തൊടുപുഴ, മുതലക്കോടം, മാറിക, മൈലക്കൊന്പ്, കരിമണ്ണൂർ, മൂവാറ്റുപുഴ, വാഴക്കുളം, ആരക്കുഴ എന്നീ എട്ടുഫൊറോനകളിലെ 64 ഇടവകകളിൽനിന്നുള്ള വിശ്വാസികൾ, വൈദികർ, സമർപ്പിതർ, ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലുള്ളവർ തുടങ്ങി നൂറുകണക്കിനാളുകൾ പ്രതിഷേധ റാലിയിൽ പങ്കെടുക്കും.
തൊടുപുഴ ഗാന്ധിസ്ക്വയറിൽനിന്ന് ആരംഭിക്കുന്ന ജപമാല റാലി ടൗണ്‍ ഫൊറോനപള്ളിയങ്കണത്തിൽ സമാപിക്കും. തുടർന്നു നടക്കുന്ന സമാപന സമ്മേളനം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
രൂപതവികാരി ജനറാൾമാർ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ടൗണ്‍ പള്ളി വികാരിയും സംഘാടകസമിതി ചെയർമാനുമായ ഫാ. ജോസ് പൊതൂർ അറിയിച്ചു.
വിവിധ ഇടവകകളിൽനിന്ന് എത്തുന്ന വാഹനങ്ങൾ ഗാന്ധിസ്ക്വയറിൽ നിർത്തി ആളുകളെ ഇറക്കിയ ശേഷം തെനംകുന്ന് ബൈപാസ് റോഡിൽ പ്രവേശിച്ച് ഹൈസ്കൂൾ ഗ്രൗണ്ട്, തെനംകുന്ന് പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.