പഹൽഗാമിന്റെ മറ്റൊരു പതിപ്പ്: സീറോമലബാർ അല്മായ ഫോറം
ഇടുക്കി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കുനേരേയുണ്ടായ അതിക്രമം പഹൽഗാം ഭീകരാക്രമണത്തിന്റെ മറ്റൊരു പതിപ്പാണെന്ന് സീറോമലബാർ അല്മായ ഫോറം സെക്രട്ടറി ജോർജ് കോയിക്കൽ ആരോപിച്ചു.
കലിമ ചെല്ലാൻ ആവശ്യപ്പെട്ടും വസ്ത്രധാരണ ശൈലി വിലയിരുത്തി നിസഹായരായ വിനോദസഞ്ചാരികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ പഹൽഗാം തീവ്രവാദികളുടെ അതേ മനോഭാവത്തോടെയാണ് കന്യാസ്ത്രീകളെ ധരിച്ചിരുന്ന വസ്ത്രം വിലയിരുത്തി ചോദ്യം ചെയ്യാനും ആൾക്കൂട്ട വിചാരണ നടത്താനുമായി ബജ്റംഗദൾ പ്രവർത്തകർ തുനിഞ്ഞത്.
നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഭയരഹിതമായി ജീവിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സീറോ മലബാർ സഭ അത്മായ ഫോറം സെക്രട്ടറി ആവശ്യപ്പെട്ടു.
അറസ്റ്റ് ഭരണഘടനാവിരുദ്ധം: ഇടുക്കി രൂപത ജാഗ്രതാ സമതി
കരിമ്പൻ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ സന്യാസിനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ജനാധിപത്യവിരുദ്ധവും ഭരണഘടനാലംഘനവുമാണെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. ഭാരതത്തിന്റെ അവികസിതഗ്രാമങ്ങളിൽ പിറന്ന നാടും ബന്ധുക്കളെയുമുപേക്ഷിച്ച് സാമൂഹ്യസേവനം ചെയ്യുന്ന സന്യസ്തരെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ കനത്ത പ്രഹരമാണ്.
വർഗീയവാദികളുടെ ജനക്കൂട്ട വിചാരണയും അവിടെ മൗനം പാലിച്ച പോലീസ് നടപടിയും ഒരുപോലെ അപകടകരവും ആശങ്കയുളവാക്കുന്നതുമാണ്. സഭാവസ്ത്രങ്ങൾ ധരിച്ച് വടക്കേ ഇന്ത്യയിൽകൂടി സഞ്ചരിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് പല പ്രദേശത്തുമുള്ളത്. ഗ്രാമീണമേഖലകളിലെ സാമൂഹിക സേവനപ്രവർത്തനങ്ങളെ മതപരിവർത്തന ശ്രമങ്ങളായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങളും ആശങ്കയുളവാക്കുന്നതാണ്.
ക്രിസ്ത്യൻ മിഷനറിമാരെയും പുരോഹിതരെയും സന്യാസിനികളെയും കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ബിജെപി എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായത്. സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന നടപടിയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോസായി ന്യായീകരിച്ചതും ഏറെ ആശങ്കാജനകമാണന്നും യോഗം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടുക്കി രൂപത കേന്ദ്രത്തിൽ കൂടിയ ജാഗ്രതാ സമതി യോഗത്തിൽ ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ജിൻസ് കാരക്കാട്ട്, ജാഗ്രതാ സമിതി സെക്രട്ടറി ബിനോയി മഠത്തിൽ, എം.വി. ജോർജുകുട്ടി, ജിജി ഏബ്രാഹം, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.
ഭരണകൂടഭീകരതയെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത
ചെറുതോണി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകൾക്കും നിരാലംബരായ ആദിവാസി യുവതികൾക്കും നേരേ തീവ്രമത സംഘടനയായ ബജ്രംഗദൾ പ്രവർത്തകർ നടത്തിയ ഹീനമായ ആൾക്കൂട്ടവിചാരണയും അതിക്രമവും സംസ്ഥാന പോലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പുകളും കള്ളക്കേസുകളും ഇരകളെ വേട്ടയാടുന്ന ഭരണകൂട ഭീകരതയുടെ ദൃഷ്ടാന്തമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ. മലയാളി കന്യാസ്ത്രീകൾക്കും ആദിവാസി യുവതികൾക്കും നേരേ ഛത്തീസ്ഗഡിൽ നടന്ന അതിക്രമ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന രൂപതാ സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം മൂന്നാം ലോകശക്തിയായെന്നും ഏറ്റവും സുസ്ഥിരമായ ജനാധിപത്യ രാഷ്ട്രം എന്നുമൊക്കെ വിദേശങ്ങളിൽ പോയി വീമ്പിളക്കുന്നവർ ഈ ദാരുണ സംഭവം കണ്ടില്ലെന്നു നടിക്കുന്നത് വിരോധാഭാസമാണ്. സ്ത്രീകൾക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരേയുള്ള അതിക്രമം വർധിച്ചുവരുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ അരങ്ങേറിയതെന്ന് യോഗം ചൂണ്ടിക്കാട്ടി.
മതേതര ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായവർ ഭരണകൂട ഭീകരതക്കു നേതൃത്വം നൽകുന്നത് രാജ്യത്തെ ശിഥിലമാക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഛത്തീസ്ഗഡിലെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്ന പക്ഷം കേന്ദ്ര ന്യൂനപക്ഷ സംരക്ഷണ വകുപ്പും കോടതിയും സ്വമേധയാ ഇടപെട്ട് നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ജോർജുകുട്ടി പുന്നകുഴിയിൽ, ജോസ് തോമസ് ഒഴുകയിൽ, സാബു കുന്നുംപുറം, ആഗ്നസ് ബേബി, ജോളി ജോൺ, റിൻസി സിബി, ജെറിൻ ജെ. പട്ടാങ്കുളം, ടോമി കണ്ടത്തിൽ, കെ.യു. ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭരണഘടനാവകാശ ലംഘനം: രൂപത സിആര്ഐയും അല്മായ സംഘടനകളും
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപത സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇൻഡ്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തി. തീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളായി ഭരണകൂടവും പോലീസും മാറുന്നത് അപകടകരമാണ്. തീവ്രവാദികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായി ഉത്തരവാദിത്വപ്പെട്ട നിയമപാലനസംവിധാനങ്ങള്‍ മാറരുതെന്നും പ്രതിഷേധക്കുറിപ്പില്‍ ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയിലെ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ സിആര്ഐയും കാഞ്ഞിരപ്പള്ളി രൂപത അല്മായ സംഘടന ഏകോപന വേദിയും സന്യാസിനിമാര്‍ക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ ഭരണഘടന നൽകുന്ന പരിരക്ഷ ലഭ്യമാക്കാൻ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു
കരിമണ്ണൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോണ്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് സെക്രട്ടറി സാലിക്കുട്ടി ജോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ലിസി ബാബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജാസിൽ ഫിലിപ്പ്, കരിങ്കുന്നം പഞ്ചായത്തംഗം ബീന കുര്യൻ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധവുമായി ക്രിസ്ത്യൻ മൂവ്മെന്റ്
തൊടുപുഴ: ഛത്തീസ്ഗഡിൽ ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ സാമൂഹിക സേവനം ചെയ്തിരുന്ന രണ്ടു മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരേ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരേ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് റവ. ബിനു കെ.ജോസ്, ജനറൽ സെക്രട്ടറി ഷിബു കെ. തന്പി എന്നിവർ ആവശ്യപ്പെട്ടു.
എകെസിസി പ്രതിഷേധിച്ചു
കല്ലാനിക്കൽ: ബജ്രംഗ്ദൾ പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിയിൽ എകെസിസി കല്ലാനിക്കൽ യൂണിറ്റ് പ്രതിഷേധിച്ചു. ഷാജി മാത്യു, ജിബി മഞ്ഞിലേട്ട്, ഷിജോ സെബാസ്റ്റ്യൻ, ടെൻസിംഗ് പോൾ, ലവിൻ ജോസ്, റോബിൻ കുര്യാക്കോസ്, ജിജോ സെബാസ്റ്റ്യൻ, ജോബിൻ ജോസ്, റോയി ജോർജ്, സിജു ജേക്കബ്, ഡൈനിഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.