ചെറുതോണി: ജീവിതത്തിൽ അമൂല്യങ്ങളായ ബാലപാഠങ്ങൾ പകർന്നു നൽകി വിശ്വാസവഴികളിൽ തണലായ ഇടുക്കി രൂപതയിലെ വയോജനങ്ങൾക്കായി കെസിവൈഎം ഇടുക്കി രൂപതാസമിതിയുടെ നേതൃത്വത്തിൽ കെസിവൈഎം പാണ്ടിപ്പാറ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ "കൂടെ ’ എന്ന പേരിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു.
ജീവിതത്തിന്റെ നാൾവഴികളിൽ അവഗണിക്കപ്പെട്ടു പോകേണ്ടതല്ല വാർധക്യം, മറിച്ച് ക്രൈസ്തവ ജീവിതത്തിൽ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ നെറ്റിയിൽ കുരിശായും നാവിൽ സ്തുതിയായും പകർന്നു നൽകിയവരെ ആദരവോടെ കൂടെ ചേർത്തുനിർത്തുക എന്ന സന്ദേശം ഉയർത്തിപ്പിടിക്കുകയായിരുന്നു ദിനാചരണത്തിന്റെ ലക്ഷ്യം. പതാക ഉയർത്തലിനും വിശുദ്ധ കുർബാനയ്ക്കും ശേഷം നടന്ന യോഗം ഇടുക്കി രൂപതാ ചാൻസലർ റവ. ഡോ. മാർട്ടിൻ പൊൻപനാൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ അധ്യക്ഷത വഹിച്ചു.
ഇടുക്കി രൂപത മുഖ്യവികാരി ജനറാൾ മോണ്. ജോസ് കരിവേലിക്കൽ, ഫാ. തോമസ് പഞ്ഞിക്കുന്നേൽ എന്നിവർ വയോധികരെ പൊന്നാടയണിയിച്ച് ആദരിച്ചു.
പാണ്ടിപ്പാറ ഇടവക വികാരി ഫാ. ജോർജ് കരിന്തേൽ, കെസിവൈഎം ജനറൽ സെക്രട്ടറി അമൽ ജിജു ചൊള്ളക്കുന്നേൽ, കെസിവൈഎം ഇടുക്കി രൂപത അനിമേറ്റർ സിസ്റ്റർ ലിൻഡ എസ്എബിഎസ്, കെസിവൈഎം പാണ്ടിപ്പാറ യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
യുവജനങ്ങളും കുട്ടികളും ചേർന്നവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. കെസിവൈഎം ഇടുക്കി രൂപത വൈസ് പ്രസിഡന്റ് ഡെമിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡൊണാൾഡ് റെജി, ഡെല്ലാ സജി, ജിതിൻ, ഐബിൻ, അലോണ, സോന, അമിത, ബ്രദർ ഡാനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പഴയരിക്കണ്ടം
സെന്റ് സെബാസ്റ്റ്യൻസിൽ
ചെറുതോണി: പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ പിതൃവേദിയുടെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി.
മുൻ വികാരി ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ അധ്യക്ഷത വഹിച്ചു.
അസി. വികാരി ഫാ. ജോബിൻ കായങ്കാട്ടിൽ, പിതൃവേദി പ്രസിഡന്റ് ജോസഫ് പെരുവിലക്കാട്ട്, പിതൃവേദി ഭാരവാഹികളായ ചാക്കോ വലിയമറ്റം, ജിൻസ് ചിലമ്പിൽ, അജോ മുണ്ടക്കപ്പടവിൽ, ബേബി ചേറ്റാനിയിൽ, ജേക്കബ് മാത്യു ചിറക്കൽ, സോണിയ ആനിക്കൽ, ജയിംസ് മേക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.