ഇടുക്കി: ലോകസൗഹൃദ ദിനമായ ഓഗസ്റ്റ് മൂന്നിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകളുടെ കൈമാറൽ സംഘടിപ്പിക്കും. "ഒരു തൈ നടാം' ജനകീയ വൃക്ഷവത്കരണ കാന്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും തൈകൾ നടും. പുതിയ നിരവധി പച്ചത്തുരുത്തുകൾക്കും അന്നു തുടക്കം കുറിക്കും. നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ജൈവവൈവിധ്യപരിപാലനസമിതി, പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ പരിപാലന സമിതി രൂപീകരിക്കും.
സെപ്റ്റംബർ 30 നകം ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം കാന്പയിൻ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അയൽക്കൂട്ട ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സോഷ്യൽ ഫോറസ്ട്രി വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വ്യാപകമായി വൃക്ഷത്തൈ ഉത്പാദനവും അടുത്ത മാസങ്ങളിൽ നടക്കും.