മ​ര​ടി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം: റി​വ്യു മീ​റ്റിം​ഗ് ചേ​ർ​ന്നു
Friday, July 18, 2025 4:30 AM IST
മ​ര​ട്: മ​ര​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ. ​ബാ​ബു എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ റി​വ്യു മീ​റ്റിം​ഗ് ചേ​ർ​ന്നു. നി​ല​വി​ലെ ലീ​ക്കു​ക​ൾ പ​രി​ഹ​രി​ച്ചി​ട്ടു​ള്ള​താ​യും 90 ശ​ത​മാ​ന​ത്തോ​ളം പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​യും മീ​റ്റിം​ഗി​ൽ ഉദ്യോഗസ്ഥർ അറിയിച്ചു.

പ​തി​ന​ഞ്ച​ര എം​എ​ൽ​ഡി വെ​ള്ളം സ്ഥി​ര​മാ​യി ന​ൽ​കാ​മെ​ന്നും എ​ല്ലാ ദി​വ​സ​വും പ​മ്പിം​ഗ് ന​ട​ത്തു​മെ​ന്നും യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു ന​ൽ​കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ന്‍റണി ആ​ശാം​പ​റ​മ്പി​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​ ര​ശ്മി സ​നി​ൽ, സ്റ്റാ​ൻഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ ച​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ച​ന്ദ്ര​ക​ലാ​ധ​ര​ൻ, സി​ബി സേ​വ്യ​ർ, ജ​യ ജോ​സ​ഫ്, മോ​ളി ഡെ​ന്നി, സൂ​പ്ര​ണ്ടിം​ഗ് എ​ൻജി​നീ​യ​ർ ര​തീ​ഷ് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ രാ​ജേ​ഷ് ല​ക്ഷ്മ​ൺ, വി.​കെ. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​തേ സ​മ​യം റി​വ്യു മീ​റ്റിം​ഗ് ന​ട​ത്തി​യ സ​മ​യ​ത്തുത​ന്നെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ എംഎ​ൽഎ​യു​ടെ ഓ​ഫീ​സി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​വാ​നാ​ണെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലേ​യ്ക്കാ​യി​രു​ന്നു അ​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ പ​റ​ഞ്ഞു.