കല്ലടിക്കോട്: പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രണേതാവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ സ്ഥാപകനുമായ ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ എഴുപത്തിരണ്ടാമത് ഓർമപ്പെരുന്നാൾ കരിമ്പ മേഖലയുടെ ആഭിമുഖ്യത്തിൽ കരിമ്പ നിർമലഗിരി സെന്റ്മേരീസ് മലങ്കര സുറിയാനി കത്തോലിക്ക തീർഥാടന പള്ളി അങ്കണത്തിൽ നടത്തി.
കൂരിയ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ തിരുനാളിനു മുഖ്യകാർമികത്വം വഹിച്ചു.
ഭക്തിനിർഭരമായ പദയാത്ര കാഞ്ഞിക്കുളം ഹോളി ഫാമിലി പള്ളി അങ്കണത്തിൽ നിന്നും ചിറക്കൽപ്പടി സെൻറ് ജോർജ് ദേവാലയം അങ്കണത്തിൽ നിന്നും ആരംഭിച്ചു നിർമ്മലഗിരി മരിയൻ തീർത്ഥാടന പള്ളി അങ്കണത്തിൽ സംഗമിച്ചു.
മേഖല ഫാ. ചെറിയാൻ ചെന്നിക്കര, ഫാ. പൗലോസ് കിഴക്കനേടത്ത്, ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട്, ഫാ.മരിയ ജോൺ, ഫാ.ജോസഫ് പുല്ലുകാലായിൽ, ഫാ. ജേക്കബ് കൈലാത്ത്, ഫാ.പൗലോസ് പരിയാരത്ത് എന്നിവർ നേതൃത്വം നൽകി. വിവിധ ഭക്തസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ പദയാത്രയിലും ആഘോഷമായ വിശുദ്ധ കുർബാനയിലും പൊതുസമ്മേളനത്തിലും കോയമ്പത്തൂർ സെന്റ് തോമസ്, ആരോഗ്യമാത മിഷൻ, ഒലവക്കോട്, കോങ്ങാട്, കാഞ്ഞിക്കുളം, ജെല്ലിപ്പാറ,ചിറക്കൽപ്പടി, ഇരുമ്പാമുട്ടി,മണ്ണാർക്കാട്, കരിമ്പ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുത്തു. സൺഡേ സ്കൂളിലും പൊതു പരീക്ഷകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിച്ചു.
മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം കരിമ്പ മേഖല 2025-26 വർഷ കർമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. ആശിർവാദത്തിനുശേഷം സ്നേഹ വിരുന്നോടുകൂടി അനുസ്മരണ സമ്മേളനം സമാപിച്ചു.