നെന്മാറ: നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ പച്ചക്കറിവിളവെടുപ്പ് സജീവം. വിഎഫ്പിസികെയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതികളുള്ള നെന്മാറ - വിത്തനശേരി, അയിലൂർ -പാളിയമംഗലം കേന്ദ്രങ്ങളിലൂടെയാണ് കർഷകർ പ്രധാനമായി പച്ചക്കറികൾ വിപണനം നടത്തുന്നത്.
പ്രധാനമായും പാവൽ, പടവലം തുടങ്ങിയവയുടെ വിളവെടുപ്പാണ് തുടങ്ങിയത്. മഴയെത്തുടർന്ന് 25 ദിവസം വൈകിയാണ് വിളവിറക്കിയത്. തരക്കേടില്ലാത്ത വില ഇപ്പോൾ ലഭിക്കുന്നുണ്ടെന്നു കർഷകർ പറയുന്നു.
നാടൻ പാവലിന് കിലോയ്ക്ക് 40 രൂപയാണ്. ഹൈബ്രിഡിന് 32 രൂപയും. പടവലത്തിന്റെ വില 10 രൂപ കുറഞ്ഞ് 30 രൂപയായത് കർഷകർക്ക് അടിയായി. പീച്ചിങ്ങ 40, പയർ 55 എന്നിങ്ങനെയാണ് നിലവിലെ വില.
വിഎഫ്പിസികെയുടെ പ്രധാന സംഭരണ വിതരണ കേന്ദ്രങ്ങളായ പാളിയമംഗലം, വിത്തനശേരി എന്നിവിടങ്ങളിൽ നിന്ന് ആലുവ, കൊച്ചി, കോട്ടയം, തൃശൂർ, ആലപ്പുഴ, പെരുമ്പാവൂർ മാർക്കറ്റുകളിലേക്കും തുടങ്ങി ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കുമായി വിഎഫ്പിസികെ കേന്ദ്രങ്ങളിൽ നിന്നും കർഷകരിൽ നിന്ന് നേരിട്ടുമായി ദിവസേന അഞ്ചും ആറും ടൺ പച്ചക്കറിയാണ് കൊണ്ടുപോകുന്നത്. പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിലെ കമ്മീഷൻ ഏജന്റുമാർ പാവൽ, പടവലം, പയർ എന്നിവ കർഷകരുടെ വിളവെടുപ്പ് കേന്ദ്രങ്ങളിൽ നിന്നുതന്നെ അതിരാവിലെ സംഭരിക്കുന്നുണ്ട്.
മറ്റു കർഷകർ വിഎഫ്പിസികെ കേന്ദ്രങ്ങൾ മുഖേനയാണ് വ്യാപാരികൾക്ക് വിൽക്കുന്നത്. പയർ, പീച്ചിങ്ങ, ചുരയ്ക്ക, മുളക്, കുമ്പളം, മത്തൻ, വെണ്ട, വഴുതിന തുടങ്ങിയവയും അയിലൂർ നെന്മാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഒന്നാംവിള നെല്ല് ഒഴിവാക്കി വിളയിക്കുന്നുണ്ട്. അമിതമഴ വിളവെടുപ്പിനെയും ഉത്പാദനത്തെയും നേരിയ തോതിൽ ബാധിച്ചിട്ടുണ്ടെങ്കിലും തരക്കേടില്ലാത്ത വിളവ് ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
വിത്തനശേരിയിൽ187 ഏക്കറിലാണ് പച്ചക്കറിക്കൃഷി. 180 കർഷകരുണ്ട്. അയിലൂർ പാളിയമംഗലത്ത് ഒരുമാസം മുൻപ് വിളവെടുപ്പ് തുടങ്ങി. ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഇടപെട്ട് പാവൽ, പടവലം, പയർ എന്നിവ വിളവെടുക്കുന്നുണ്ട്.