മണ്ണാർക്കാട്: ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ പഞ്ചായത്തിനേയോ സർക്കാരിനെയോ ഇകഴ്ത്തി കാണിക്കാനുള്ള യുഡിഎഫിന്റെ ഒരു നടപടിയും വിലപ്പോവില്ലെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതി 2025 - 26 സാമ്പത്തിക വർഷത്തിൽ സിഎഫ്സി ബേസിക് ഗ്രാൻഡിൽ നിന്ന് 52,58,500 രൂപയും പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് 47,41,500 രൂപയും ഉപയോഗപ്പെടുത്തി ഒരുകോടി രൂപ ലൈഫ് ഭവന പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമാണത്തിന് 25,20,000 രൂപയും പട്ടികവർഗവിഭാഗത്തിന് 9, 20,000 രൂപയും വകയിരുത്തി. പിഎംഎവൈയിൽ ഉൾപ്പെട്ട ഉപഭോക്താക്കൾക്ക് ജനറൽ വിഭാഗത്തിൽ 59,88,000 രൂപയും പട്ടികജാതി വിഭാഗത്തിൽ 20 ലക്ഷവും പട്ടികവർഗ വിഭാഗത്തിൽ അഞ്ചുലക്ഷം രൂപയും അനുവദിച്ചു. സർവേ പൂർത്തിയായി മാനദണ്ഡങ്ങൾക്കനുസരിച്ച് 250 വീടുകൾ നിർമിക്കുന്നതിന് ആദ്യഗഡുവായി 40,000 രൂപ നൽകുന്നതിനാണ് ഈ തുക മാറ്റിവച്ചത്. ഈ തുക കൊടുത്താലുടൻ സംസ്ഥാന ഗവൺമെന്റിന്റെ ഒരു ലക്ഷം രൂപ ഓരോ വീടിനുമുള്ള വിഹിതവും ഇതോടൊപ്പം ലഭിക്കും. എന്നാൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ട ഗ്രാമസേവകൻ തികഞ്ഞ അലംഭാവമാണ് കാണിച്ചത്.
പഞ്ചായത്ത് ഭരണസമിതിയോട് സഹകരിച്ചു പോകാൻ തയാറായില്ല. ഇതിനെതിരായാണ് കഴിഞ്ഞദിവസം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പഞ്ചായത്തംഗം ഷാജഹാന്റെ ഇടപെടൽ ഉണ്ടായത്. ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കെല്ലാം വീട് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് യുഡിഎഫും ബിജെപിയും പദ്ധതി അട്ടിമറിക്കാൻ ഭരണസമിതി ശ്രമിക്കുന്നു എന്ന വാദമുയർത്തി കൊണ്ടുവരുന്നത്. മുഴുവൻ ആളുകൾക്കും വീട് ലഭ്യമാക്കുന്നതിന് വേണടിയുള്ള പ്രവർത്തനങ്ങളുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോകുമെന്ന് നേതാക്കൾ പറഞ്ഞു.
സിപിഎം ലോക്കൽ സെക്രട്ടറി നിസാർ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പൊടൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. പ്രദീപ്, സിബി കുര്യൻ, മിനിമോൾ ജോൺ, വാർഡ് മെമ്പർമാരായ എം.കെ. ഷാജഹാൻ, മണി, അംബിക എന്നിവർ പങ്കെടുത്തു.