പാലക്കാട്: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാന്പതിയെ സന്പൂർണ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ ഇവിടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തും.
മലയോര ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കളക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിലാണ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃത്യമായ കർമപദ്ധതി രൂപീകരിക്കാൻ ജില്ല കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അഞ്ച് ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, പാത്രങ്ങൾ, കന്പോസ്റ്റ് ചെയത് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബാഗുകൾ, പ്ലാസ്റ്റിക് സാഷെകൾ, വിനൈൽ അസറ്റേറ്റ്, മാലിക് ആസിഡ്, വിനൈൽ ക്ലോറൈഡ് കോപോളിമർ എന്നിവ അടങ്ങിയ സ്റ്റോറേജ് ഐറ്റംസ്, നോണ്‍ വുവണ്‍ കാരി ബാഗുകൾ, ലാമിനേറ്റ് ചെയത ബേക്കറി ബോക്സുകൾ, രണ്ട് ലിറ്ററിൽ താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടും.
പകരമായി വാട്ടർകിയോസ്കുകൾ, സ്റ്റെയിൻലസ് സ്റ്റീൽ ഗ്ലാസ്, കോപ്പർ ബോട്ടിലുകൾ, പാള പോലുള്ള പ്രകൃതിദത്തവസ്തുക്കൾ ഉപയോഗിച്ചുള്ള കണ്ടെയ്നറുകൾ, സ്റ്റീൽ, മരം, മണ്ണ്, കോപ്പർ ഉപയോഗിച്ചുള്ള പാത്രങ്ങൾ, ഫില്ലിംഗ് സ്റ്റേഷനുകൾ, തുണിയോ പേപ്പറോ ഉപയോഗിച്ചുള്ള ബാഗുകൾ, മെറ്റൽ കണ്ടെയ്നറുകൾ, എന്നിവയാണ് ഉപയോഗിക്കേണ്ടത്.
നെല്ലിയാന്പതി ഹിൽ സ്റ്റേഷനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിവിധ വകുപ്പുകൾ, അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കും.
പിന്നീട് ഹരിത ചെക്ക്പോസ്റ്റ്, പ്രചാരണം, ബോധവത്കരണ എക്സിബിഷൻ, കുടിവെള്ള ലഭ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി 15 ദിവസത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി യോഗം ചേരും. ഭാവി തലമുറയ്ക്ക് കരുതലും വിനോദ സഞ്ചാരികൾക്ക് നെല്ലിയാന്പതിയുടെ യഥാർഥ സൗന്ദര്യം കലർപ്പില്ലാതെ ആസ്വദിക്കുന്നതിന് പ്ലാസ്റ്റിക് നിരോധനം ഗുണകരമാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സജി തോമസ്, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ജി. വരുണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്ലാന്റേഷൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് വ്യാപാരി സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.