കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്.
കൊച്ചി: സാഹസിക ടൂറിസത്തിന്റെ രാജ്യത്തെ മുഖ്യ ഡെസ്റ്റിനേഷനായി കേരളം മാറിയെന്നു വിനോദസഞ്ചാര മേഖലയിലെ വിദഗ്ധര്‍. സാഹസിക വിനോദസഞ്ചാരത്തില്‍ എക്കാലവും മുന്നിലായിരുന്ന ഗോവയെ പിന്തള്ളി, ഇന്ന് അഡ്വഞ്ചര്‍ ടൂറിസ്റ്റുകള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളാണു തെരഞ്ഞെടുക്കുന്നതെന്നും കേരള ട്രാവല്‍ മാര്‍ട്ടില്‍ (കെടിഎം 2026) പങ്കെടുക്കാനെത്തിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളാണ് കരയിലും വെള്ളത്തിലും ആകാശത്തുമുള്ള വിവിധ സാഹസിക വിനോദങ്ങള്‍ക്കു കേരളത്തെ പ്രിയപ്പെട്ടതാക്കുന്നത്. ട്രെക്കിംഗിന് അനുയോജ്യമായ പശ്ചിമഘട്ട മലനിരകള്‍, 44 നദികള്‍, നിരവധി ജലാശയങ്ങള്‍, ഡാമുകള്‍, 600 കിലോമീറ്റര്‍ നീളമുള്ള കടല്‍തീരം എന്നിവ കേരളത്തിന്റെ സ്വാഭാവിക മികവാണ്.
വാഗമണ്‍, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്കു കരയിലെ സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളുണ്ട്. കോവളം, വര്‍ക്കല, പയ്യാമ്പലം, കോഴിക്കോട്, ബേക്കല്‍ തുടങ്ങിയ തീരദേശങ്ങള്‍ വാട്ടര്‍ സ്പോര്‍ട്സ് കേന്ദ്രങ്ങളായി വളര്‍ന്നതും കൊല്ലത്തെ പരവൂര്‍ കയാക്കിംഗിന്റെ പ്രധാന കേന്ദ്രമായി മാറിയതും നേട്ടമായി. സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി ഈ രംഗത്തു നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര വൈറ്റ്-വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍, കോഴിക്കോട് പുലിക്കയത്ത് വിനോദസഞ്ചാര വകുപ്പിന്റെ കയാക്കിംഗ് പരിശീലന കേന്ദ്രം, വാഗമണിലെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍, വയനാട്ടിലെ മൗണ്ടന്‍ ടെറൈന്‍ ബൈക്കിംഗ് ഫെസ്റ്റിവല്‍ തുടങ്ങിയവ കേരളത്തിന്റെ സാഹസിക വിനോദസഞ്ചാര മേഖലയിലെ ശ്രദ്ധേയ പദ്ധതികളാണ്.
സുരക്ഷ കര്‍ശനം
സാഹസിക വിനോദസഞ്ചാര മേഖലകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്ര അഡ്വഞ്ചര്‍ ടൂറിസം സുരക്ഷാമാഗനിര്ദേശങ്ങള് നടപ്പാക്കിയ ആദ്യ സംസ്ഥാനമാണു കേരളമെന്ന് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു.
നിലവില്‍ 150 ഓളം സാഹസിക വിനോദസഞ്ചാര യൂണിറ്റുകളെ രജിസ്ട്രേഷന് പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗരേഖകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ടൂറിസം വകുപ്പ് രണ്ടു വര്‍ഷത്തേക്കാണ് രജിസ്ട്രേഷന് നല്‍കുന്നത്.
Tags : AdventureTourism Keralam Goa Surpasses Business KeralaTravelMart