കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: ബാങ്കിംഗ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനുമായി ഒരു ഉന്നതാധികാര സമിതിയെ ഉടൻ രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
ന്യൂഡൽഹിയിൽ നടന്ന ‘പിഎസ്ബി കോണ്‍ഫ്ലുവൻസ് 2026’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിലാണ് ‘വികസിത് ഭാരതത്തിനായുള്ള ബാങ്കിംഗ്’ എന്ന വിഷയത്തിൽ ഒരു ഉന്നതതല സമിതിയെക്കുറിച്ചുള്ള നിർദേശം മുന്നോട്ടു വച്ചത്.
2047ൽ ’വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ബാങ്കിംഗ് മേഖലയുടെ പങ്കിനെക്കുറിച്ച് പഠിക്കാനാണ് സർക്കാർ ഉന്നതതല സമിതി രൂപീകരിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി, രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി മേഖലയെ സജ്ജമാക്കുന്നതിനാവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ശിപാർശകൾ സമർപ്പിക്കാൻ കേന്ദ്ര ധനമന്ത്രി ബാങ്കിംഗ് രംഗത്തെ പ്രമുഖരോട് ആവശ്യപ്പെട്ടു.
സർക്കാർ ഉടൻ തന്നെ ഈ ഉന്നതതല സമിതിയെ പ്രഖ്യാപിക്കുമെന്നും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ നിന്നുള്ള ശിപാർശകളും തീരുമാനങ്ങളും സമിതിക്ക് മുന്നിൽ സമർപ്പിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
കോണ്‍ക്ലേവിൽ ഉയർന്നു വരുന്ന നിർദേശങ്ങൾ പരിശോധിക്കുന്ന സമിതി, ബാങ്കിംഗ് മേഖലയുടെ ഭാവി ദിശാബോധത്തെക്കുറിച്ചുള്ള ശിപാർശകൾ തയാറാക്കും. അടുത്ത രണ്ട് പതിറ്റാണ്ടിലെ ഇന്ത്യയുടെ സാന്പത്തിക വളർച്ചയ്ക്ക് ആവശ്യമായ ചട്ടക്കൂട് രൂപീകരിക്കുന്നതിൽ ബാങ്കിംഗ് വിദഗ്ധർ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.
2047 എന്നത് വളരെ അകലെയല്ലെന്നും അതിനാൽ ബാങ്കുകൾ ഇപ്പോൾ മുതൽ തന്നെ വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
നിലവിൽ ഇന്ത്യൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ എക്കാലത്തെയും താഴ്ന്ന നിരക്കിലാണ്. ഇത് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ബാങ്കുകളെ പ്രാപ്തരാക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.
Tags : DevelopedIndia Focus BankingSector Solution Business NirmalaSitharaman