കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുത്തനെ താഴേക്ക്. ഗ്രാമിന് 335 രൂപയും പവന് 2,680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയിലും പവന് 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 275 രൂപ കുറഞ്ഞ് 10,990 രൂപയിലും പവന് 2,200 രൂപ കുറഞ്ഞ് 87,920 രൂപയിലുമെത്തി.
വ്യാഴാഴ്ച രാവിലെ അനക്കമില്ലാതിരുന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കുറഞ്ഞത്.
വൻകുതിപ്പിനിടെ ചൊവ്വാഴ്ച സ്വർണവില അപ്രതീക്ഷിതമായി താഴേക്ക് പോയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെ ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു പിന്നാലെ കഴിഞ്ഞ വാരം മൂന്നു ദിവസം സ്വർണവില കുതിപ്പിന്റെ പാതയിലായിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച വർധിച്ചത്. പിന്നാലെ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്നു. തിങ്കളാഴ്ച വീണ്ടും കുതിച്ച സ്വർണവില ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് ഉയർന്നത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഡോളർ കരുത്താർജിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില താഴേക്ക് പോയി. ഒരു ഘട്ടത്തിൽ 4,299 ഡോളറിലേക്ക് താഴ്ന്ന സ്വർണവില പിന്നീട് 4,322 ഡോളറിലേക്ക് എത്തിയിരുന്നു. നിലവിൽ 4,244.90 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
അതേസമയം, വെള്ളിവിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ താഴ്ന്ന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Tags : Gold Rate Gold Rate Today Business Commodity