മുംബൈ: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ ആധിപത്യം 2026 സാന്പത്തിക വർഷത്തിൽ കുറഞ്ഞു. വർധിച്ച മത്സരവും ഉപയോക്താക്കളുടെ മാറുന്ന താത്പര്യങ്ങളും മൂലം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണിയിലുള്ള മേൽക്കോയ്മ മാരുതി സുസുക്കിക്ക് കുറഞ്ഞത്. വിപണി വിഹിതം 13 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 39.26 ശതമാനത്തിലേക്ക് ഇടിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി വിപണി വിഹിതത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത് തുടർച്ചയായ മൂന്നാം സാന്പത്തികവർഷമാണ്.
ഒരുകാലത്ത് ഇന്ത്യൻ വിപണിയുടെ പകുതിയോളം കൈപ്പിടിയിലായിരുന്ന മാരുതി സുസുക്കിക്ക് 2020 സാന്പത്തികവർഷത്തിനുശേഷം വിപണി വിഹിതത്തിൽ 12 ശതമാനത്തിന്റെ കുറവാണ് നേരിടേണ്ടിവന്നത്.
മറ്റു കന്പനികൾ കൂടുതൽ മത്സരക്ഷമതയോടെ വിപണിയിലേക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ചതും ഉപഭോക്തൃ അഭിരുചിയിൽ മാറ്റങ്ങളുണ്ടായതും ഒന്നാംസ്ഥാനക്കാർക്ക് തിരിച്ചടിയായി. ഇന്ത്യയിലെ പാസഞ്ചർ വെഹിക്കിൾ വിപണിയുടെ 67 ശതമാനവും സ്പോർട് യൂട്ടിലിറ്റി വെഹിക്കിൾസ് വിഭാഗമാണ് കൈയടക്കിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മാരുതിയുടെ വിഹിതം വെറും 25 ശതമാനം മാത്രമാണ്.
വിപണി വിഹിതത്തിൽ മാരുതി പിന്നാക്കം പോയപ്പോൾ എസ്യുവി തരംഗത്തെ പ്രയോജനപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര താർ, ബെലെറോ, സ്കോർപിയോ തുടങ്ങിയ മോഡലുകളുമായി വിപണിവിഹിതത്തിൽ അഞ്ചുവർഷംകൊണ്ട് വളർച്ച ഇരട്ടിയാക്കാൻ അവർക്ക് സാധിച്ചു.
2026 സാന്പത്തികവർഷം 14.21 ശതമാനമാണ് മഹീന്ദ്രയുടെ വിപണിവിഹിതം. ടാറ്റാ മോട്ടോഴ്സിന്റെ 2026 സാന്പത്തികവർഷത്തെ വിപണി വിഹിതം 13 ശതമാനമാണ്.
Tags : Maruti grip weakening market sentiment lowest level