പശ്ചിമേഷ്യയിലെ വെടിയൊച്ചയുടെ പ്രകമ്പനം ഏഷ്യൻ ഓഹരിവിപണികളെ പിടിച്ചുലയ്ക്കും അതിന്റെ തനിയാവർത്തനം ഉച്ചയോടെ യൂറോപ്യൻ മാർക്കറ്റിൽ പ്രതിഫലിക്കും. എന്നാൽ, ആയത്തുള്ള അലി ഖമനയ്യുടെ മരണം യുഎസ് മാർക്കറ്റ് ആഘോഷമാക്കി മാറ്റാൻ ഇടയുണ്ട്. അതേസമയം, എഐ ആഘാതത്തിൽനിന്നും നാസ്ദാക് സൂചികയ്ക്ക് ഇനിയും രക്ഷ നേടാനായിട്ടില്ല. ഇതിനിടയിൽ നാണയപ്പെരുപ്പം കണക്കുകൂട്ടിയതിലും ഉയർന്നത് യുഎസ് സമ്പദ്ഘടനയ്ക്ക് ആഘാതമാവും.
ഇന്ത്യൻ മാർക്കറ്റിലേക്കു തിരിഞ്ഞാൽ സെൻസെക്സും നിഫ്റ്റിയും വില്പന സമ്മർദത്തിലാണ്. തകർച്ചയിൽ മുൻവാരം സൂചിപ്പിച്ച സപ്പോർട്ടിലേക്കു സൂചികകൾ പരീക്ഷണം നടത്തി. പുതിയ സാഹചര്യത്തിൽ ആ താങ്ങുകൾ നിലനിർത്താൻ ഇന്നു വിപണി ക്ലേശിക്കുമെന്നത് വരുംദിനങ്ങളിൽ വില്പന സമ്മർദത്തിന്റെ ആക്കം ഇരട്ടിപ്പിക്കാം. സെൻസെക്സ് 1527 പോയിന്റും നിഫ്റ്റി സൂചിക 393 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ആഭ്യന്തര ഫണ്ടുകൾ മാർക്കറ്റിനു ശക്തമായ പിന്തുണ നൽകി. പിന്നിട്ടവാരം അവർ കാൽ ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തി. ഫെബ്രുവരിയിലെ ആഭ്യന്തര നിക്ഷേപം മൊത്തം 38,423.11 കോടി രൂപയാണ്. കഴിഞ്ഞവാരത്തിൽ മാത്രം നിക്ഷേപിച്ചത് 25,604.17 കോടി രൂപ.
ജനുവരിയിൽ 42,313.36 കോടി രൂപയുടെ ഓഹരികൾ വിറ്റ വിദേശ ധനകാര്യസ്ഥാപനങ്ങൾ ഫെബ്രുവരിയിൽ വില്പന ഗണ്യമായി കുറച്ചത് ആശ്വാസം. കഴിഞ്ഞ മാസത്തെ അവരുടെ വില്പന 6640.78 കോടി രൂപയിൽ ഒതുങ്ങി.
ഡോളറിനു മുന്നിൽ ഇന്ത്യൻ രൂപ വീണ്ടും ദുർബലമായി. വിനിമയ മൂല്യം 90.68ൽനിന്നും 91.10ലേക്ക് ഇടിഞ്ഞെങ്കിലും തൊട്ട് മുൻവാരത്തിൽ രേഖപ്പെടുത്തിയ 91.14ൽ പ്രതിരോധം തലയുയർത്തിയതോടെ അല്പം കരുത്ത് തിരിച്ചുപിടിച്ച് ക്ലോസിംഗിൽ രൂപ 91.02ലാണ്.
ജനുവരിയിൽ രൂപ 92.02ലേക്ക് ഇടിഞ്ഞിരുന്നു. രൂപയുടെ ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ആ റിക്കാർഡ് തകർത്ത് 92.15ലേക്ക് നീങ്ങാം. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില കത്തിക്കയറാനുള്ള സാഹചര്യവും രൂപയിൽ സമ്മർദം സൃഷ്ടിക്കും.
ആഗോള വിപണിയിൽ എണ്ണ വില ചൂടുപിടിക്കുന്നു. ലോക രാജ്യങ്ങൾക്ക് ആവശ്യമായ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അപകട മേഖലയായി. ഇത് കപ്പൽ ഗതാഗതത്തിനു തടസമാകുന്നത് ക്രൂഡ് കയറ്റുമതിയെ ബാധിക്കും. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ക്രൂഡ് ഓയിൽ വിലയിൽ ‘വാർ പ്രീമിയം’ ഉൾപ്പെടുത്താനുള്ള സാധ്യതകൾ വിലക്കയറ്റം രൂക്ഷമാക്കാം. ഇതിനിടയിൽ ഇതുവഴി പോയ കപ്പലിനു നേരേയുണ്ടായ ആക്രമണം സ്ഥിതി കൂടുതൽ വഷളാക്കും.
ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് 72.48 ഡോളറായി കയറി. സ്ഥിതിഗതികൾ സങ്കീർണമാകുന്നതിനാൽ എണ്ണ വില 90 ഡോളറിലേക്ക് ഉയരാം. ചരക്ക് കൂലികൾ പുതുക്കാനുള്ള അടിയന്തര നീക്കത്തിലാണു കപ്പൽ കന്പനികൾ. ചരക്കിന്റെ ഇൻഷ്വറൻസ് തുകയിൽ ഭീമമായ വർധന വരുത്തിയാൽ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിൽ അകപ്പെടുമെന്നതു സാന്പത്തിക രംഗത്തു ദുരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
നിഫ്റ്റി സാങ്കേതികമായി ദുർബലാവസ്ഥയിലാണ്. വിപണി 50 ദിവസങ്ങളിലെ ശരാശരിയായ 25,700ലും താഴ്ന്നത് തിരിച്ചടിക്ക് ഇടയാക്കുമെന്ന വിലയിരുത്തൽ ശരിവച്ച് തുടക്കം മുതൽ തളർച്ചയിലായിരുന്നു.
നിഫ്റ്റി 25,571ൽനിന്നും ഓപ്പണിംഗ് വേളയിൽ 25,763 പോയിന്റ് വരെ മുന്നേറി, ഈ അവസരത്തിൽ ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തരംഗത്തിൽ സൂചിക 25,144ലേക്ക് ഇടിഞ്ഞെങ്കിലും 25,169ലെ സപ്പോർട്ട് നിലനിർത്തി വാരാന്ത്യം 25,178 പോയിന്റിലാണ്.
ഈവാരം നിഫ്റ്റിയുടെ ആദ്യ താങ്ങ് 24,960 പോയിന്റിലാണ്. ഇത് നിലനിർത്താൻ ക്ലേശിച്ചാൽ സൂചിക 24,742-24,123ലേക്ക് തിരുത്തലിനു ശ്രമിക്കാം. അതേസമയം, താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിനു ഫണ്ടുകൾ തയാറായാൽ നിഫ്റ്റി 25,579 - 25,980ലേക്ക് തിരിച്ചുവരവ് നടത്താം.
സെൻസെക്സ് മുൻവാരത്തിലെ 82,814ൽനിന്നും 83,450ലേക്ക് കയറിയെങ്കിലും പിന്നീടുണ്ടായ വില്പന സമ്മർദത്തിൽ 81,166 വരെ ഇടിഞ്ഞു. വാരാന്ത്യത്തിലെ ഈ തകർച്ചയ്ക്ക് ശേഷം ക്ലോസിംഗിൽ അല്പം മെച്ചപ്പെട്ട് 81,287ലാണ്. ഈവാരം 82,769ൽ ആദ്യ പ്രതിരോധം, അതേസമയം വില്പനക്കാർ പിടിമുറുക്കിയാൽ സൂചികയ്ക്ക് 80,485 – 79,683ൽ താങ്ങുണ്ട്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ പിടിച്ചുനിൽക്കുക 77,399 പോയിന്റിലാകും.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 5108 ഡോളറിൽനിന്ന് 5281ലേക്ക് കുതിച്ച ശേഷം 5278 ഡോളറിലാണ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ സ്വർണത്തെ 5425 ഡോളറിലേക്ക് ഉയർത്താം.
Tags : Uncertainty market?