പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: ജില്ലയിലെ അമ്പതിലേറെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി ഒഴിഞ്ഞുകിടക്കുന്നത് 1700ഓളം പ്ലസ് വണ്‍ സീറ്റുകള്‍. ഇതില്‍ ഏറെയും സര്‍ക്കാര്‍ സ്കൂളുകളാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലായി 285 ബാച്ചുകളില്‍ 19,660 സീറ്റുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് 10 സ്കൂളുകളില്‍ കൂടി ഓരോ ബാച്ചുകള്‍ കൂടി അനുവദിച്ചതോടെ സീറ്റുകളുടെ എണ്ണം 20,160 ആയി. എസ്എസ്എല്‍സി പരീക്ഷയെഴുതി ഈ വര്‍ഷം ഉപരിപഠനത്തിന് യോഗ്യത നേടിയത് 20,484 വിദ്യാര്‍ഥികളാണ്. കഴിഞ്ഞ അധ്യയനവര്‍ഷം ജില്ലയില്‍ രണ്ടായിരത്തിലേറെ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.
സയന്‍സ് ഉള്‍പ്പെടെ നാലു ബാച്ചുകള്‍ ഉള്ള മാലോത്ത് കസബ ഗവ.സ്കൂളില്‍ ആകെയുള്ള 260 സീറ്റുകളില്‍ 124 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. ഹ്യുമാനിറ്റീസില്‍ രണ്ടു ബാച്ചുകളുള്ള ഇവിടെ ആകെയുള്ള 130 സീറ്റുകളില്‍ 62 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. ഒരു ബാച്ചില്‍ അനുവദിച്ച മുഴുവന്‍ സീറ്റുകളും പൂര്‍ണമായം ഒഴിഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ ഇത്തവണ ബാച്ച് നഷ്ടമാകുമോയെന്നും ആശങ്കയുണ്ട്. 25ല്‍ കുറവ് വിദ്യാര്‍ഥികളുള്ള ബാച്ചുകള്‍ റദ്ദാക്കണമെന്നാണ് അധികൃതരുടെ നിലപാട്. ഇതേ സ്കൂളിലെ ഒരു സയന്‍സ് ബാച്ചും ഇത്തരത്തില്‍ നഷ്ടമായിരുന്നു.
പദ്രെ ജിഎച്ച്എസ്എസില്‍ രണ്ടു ബാച്ചുകളിലായി പ്രവേശനം നേടിയത് 39 വിദ്യാര്‍ഥികളാണ്. 91 സീറ്റുകളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്. കോടോത്ത് ഡോ.അംബേദ്കര്‍ ജിഎച്ച്എസ്എസ്-86, ബെള്ളൂര്‍ ജിഎച്ച്എസ്എസ്-58, അഡൂര്‍ ജിഎച്ച്എസ്എസ്-52, തായന്നൂര്‍ ജിഎച്ച്എസ്എസ്-99, കൊട്ടോടി ജിഎച്ച്എസ്എസ്-79, പൈവളിഗെ ജിഎച്ച്എസ്എസ്-66, അട്ടേങ്ങാനം ജിഎച്ച്എസ്എസ്-55, ബളാല്‍ ജിഎച്ച്എസ്എസ്-45, പാണ്ടി ജിഎച്ച്എസ്എസ്-48, പെരുമ്പട്ട ജിഎച്ച്എസ്എസ്-48, പടന്നകടപ്പുറം ജിഎച്ച്എസ്എസ്-75, ഷിറിയ ജിഎച്ച്എസ്എസ്-46, കുണ്ടംകുഴി ജിഎച്ച്എസ്എസ്-38, ബന്തടുക്ക ജിഎച്ച്എസ്എസ്-31 എന്നിങ്ങനെയാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
മിക്കയിടങ്ങളിലും ഹ്യുമാനിറ്റീസ് ബാച്ചുകളിലാണ് കുട്ടികളില്ലാതെ ബാച്ച് നഷ്ടത്തിന്റെ ഭീഷണി നേരിടുന്നത്. സയന്‍സ് ബാച്ചുകളില്‍ ഏതാണ്ട് എല്ലാ സ്കൂളുകളിലും തന്നെ കുട്ടികളുണ്ട്. അതേസമയം പുതുതായി കമ്പ്യൂട്ടര്‍ സയൻസ് ബാച്ച് അനുവദിച്ച മംഗല്പാടി ജിഎച്ച്എസ്എസില്‍ ഇതുവരെ 16 പേര് മാത്രമാണ് പ്രവേശനം നേടിയത്. 34 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയില്‍ ആകെ 106 ഹയര്‍സെക്കന്‍ഡറി സ്കൂളുകളാണുള്ളത്.