പ്രതീകാത്മക ചിത്രം
പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന നാല്, ഏഴ് തുല്യതാ പരീക്ഷകളിലായി ജില്ലയിൽ 146 പേർ പരീക്ഷ എഴുതും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഏഴാംതരം തുല്യതാ പരീക്ഷ ഇന്നലെ ആരംഭിച്ചു. ഇന്ന് ഏഴാംതരവും, നാലാംതരവും പരീക്ഷ നടക്കും.
ജില്ലയിൽ ഏഴാംതരം തുല്യത 113 പഠിതാക്കളാണ് എഴുതുന്നത്. ആദ്യ ദിനത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിലാണ് മികവുത്സവം പരീക്ഷ നടന്നത്. രണ്ടാം ദിനം സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ജില്ലയിൽ 11 പരീക്ഷാകേന്ദ്രങ്ങൾ ആണുള്ളത്.
കല്പാത്തി ജിഎൽപിഎസ്, പെരുവന്പ് എച്ച്എസ്എസ്, ഒറ്റപ്പാലം ഈസ്റ്റ് ജിഎച്ച്എസ്എസ്, പൊറ്റശേരി ജിഎച്ച്എസ്എസ്, വട്ടേനാട് ജിവിഎച്ച്എസ്എസ്, നെൻമാറ ജിബിഎച്ച്എസ്എസ്, പട്ടാന്പി ജിഎച്ച്എസ്എസ്, മാത്തൂർ ബംഗ്ലാവ് സ്കൂൾ, വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, അഗളി ജിവിഎച്ച്എസ്എസ് , മുട്ടികുളങ്ങര ജ്യോതിനിലയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. നാലാംതരം തുല്യതാ മികവുത്സവം പരീക്ഷയിൽ മലയാളം, നമ്മളും നമുക്ക് ചുറ്റും, ഗണിതം, ഇംഗ്ലീഷ് എന്നിങ്ങനെ നാല് വിഷയങ്ങളിലും രാവിലെ പത്ത് മുതൽ വൈകുന്നേരം 3.30 വരെ പരീക്ഷ നടക്കും.
33 പേരാണ് ജില്ലയിൽ നാലാംതരം തുല്യത മികവുത്സവത്തിന് തയ്യാറെടുക്കുന്നത്. ഇതോടൊപ്പം ഹയർ സെക്കൻഡറി തുല്യത ഒന്നാംവർഷ പരീക്ഷയും ജില്ലയിലെ 12 സ്കൂളുകളിൽ നടക്കുന്നതായി സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.