പ്രതീകാത്മക ചിത്രം
ഏറ്റുമാനൂർ: അമൃത് ഭാരത് പദ്ധതി പ്രകാരം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് നാലരക്കോടി രൂപയുടെ വികസനം. വികസന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോഴും യാത്രക്കാരുടെ ദുരിതത്തിനു പരിഹാരമില്ല.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ റെയിൽവേ അധികൃതർ തയാറാകുന്നില്ലെന്നതാണ് പ്രധാന പരാതി.
രാവിലെ എറണാകുളത്തേക്കും വൈകുന്നേരം തിരികെയും ആവശ്യത്തിന് ട്രെയിനുകളില്ല. ഏറ്റുമാനൂരിൽ സ്റ്റോപ്പ് ഉള്ള ട്രെയിനുകളിൽ കയറിപ്പറ്റാൻ പോലുമാകാത്ത തിരക്കാണ്. ഈ റൂട്ടിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും പുതിയ മെമു സർവീസുകൾ ആരംഭിക്കുകയും വേണമെന്ന ആവശ്യത്തോട് റെയിൽവേ അധികൃതർ മുഖംതിരിക്കുകയാണ്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുന്നില്ല. രാവിലെ വഞ്ചിനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ ജനകീയ സമരങ്ങൾ നടന്നെങ്കിലും പ്രയോജനം ഉണ്ടായില്ല.
റെയിൽവേയുടെ അവഗണന തുടരുകയാണ്.
ബംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയം വരെ നീട്ടണമെന്ന ഫ്രാൻസിസ് ജോർജ് എംപിയുടെ ആവശ്യത്തിലും റെയിൽവേ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല.
റെയിൽവേയുടെ അവഗണനയ് ക്കെതിരേ ജനപ്രതിനിധികൾ, വ്യാപാരി-വ്യവസായികൾ, റെയിൽവേ യാത്രക്കാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകാൻ അടുത്ത മാസം രണ്ടാം വാരം സർവകക്ഷി യോഗം വിളിക്കും.
കോട്ടയം - എറണാകുളം മേഖലയിൽ യാത്രക്കാർ പറഞ്ഞറിയിക്കാനാകാത്ത ദുരിതമാണ് അനുഭവിക്കുന്നത്. പ്രശ്നത്തിൽ ജനപ്രതിനിധികളുടെ കൂട്ടായ ഇടപെടൽ ഉണ്ടാകണം.
കക്ഷി- രാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികളും പാർട്ടി നേതാക്കളും ഒന്നിച്ച് റെയിൽവേ അധികൃതരുടെ മേൽ സമ്മർദം ചെലുത്തണം. പൗരസമിതി ജനപ്രതിനിധികൾക്കും റെയിൽവേ അധികൃതർക്കും നിവേദനം നൽകും.
Tags : District News Nattuvishesham 4.5 Crore Ettumanoor Railway Station