ചിറ്റടി: ദേശീയപാത 183ൽ ചിറ്റടി ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന് സംഗമിത്ര പുരുഷ സ്വാശ്രയ സംഘയോഗം. കിഴക്കൻ മേഖലകളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം ക്ലേശിക്കുന്നത്. സ്കൂൾ കുട്ടികളടക്കം കടത്തിണ്ണകളിലും വഴിവക്കിലുമാണ് ബസ് കാത്തുനിൽക്കുന്നത്. വാഹനത്തിരക്കേറിയ ജംഗ്ഷനിൽ യാത്രക്കാർ കൂട്ടമായി നിൽക്കുന്നതും ദേശീയപാതയിൽനിന്ന് ഇഞ്ചിയാനി റോഡിലേയ്ക്ക് അപ്രതീക്ഷിതമായി വാഹനങ്ങൾ തിരിയുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇതിന് പരിഹാരമായി കിഴക്കൻ ഭാഗത്തേക്കുള്ള യാത്രക്കാർക്കായി പബ്ലിക് ലൈബ്രറിയുടെ സമീപത്തേയ്ക്ക് ബസ് സ്റ്റോപ്പ് മാറ്റുകയും അവിടെ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുകയും ചെയ്യണമെന്നും സംഗമിത്ര പുരുഷ സ്വാശ്രയ സംഘയോഗം ആവശ്യപ്പെട്ടു.
നിരവധി തവണ ജനങ്ങൾ അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ചിറ്റടിയിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാനുള്ള അടിയന്തര നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് പി.ടി. മോഹനൻ, റെജി കാരിവേലിൽ, ബിനു മുളയ്ക്കൽ, പി.ബി. മനോജ്, പി.ജി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.