2018ലെ പ്രളയത്തിന് എസി കനാലിലേക്ക് ഒഴുകിയെത്തിയ ഇല്ലിക്കൂട്ടം.
ചമ്പക്കുളം: 2018ലെ പ്രളയത്തിന് ഒഴുകിയെത്തിയ ഇല്ലിക്കൂട്ടത്തിന്റെ അവശിഷ്ടം 2026ലും ജലവാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു. കിടങ്ങറ ബസാറിനും ഒന്നാം പാലത്തിനും ഇടയിൽ എസി കനാലിൽ ഒഴുകി എത്തിയ ഇല്ലിക്കൂട്ടമാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയും പോളയും കടകലും വളരാൻ സൗകര്യം ഒരുക്കിയും വള്ളങ്ങൾക്കും മറ്റും ഭീഷണിയായി വർഷങ്ങളായി കനാലിൽ കിടക്കുന്നത്.
വലിയ മുളകളോടു കൂടിയ ഇല്ലിക്കൂട്ടത്തിന്റെ കുറച്ച് ഭാഗം വർഷങ്ങൾ കൊണ്ട് നശിച്ചിട്ടുണ്ട്. എന്നാൽ, വെള്ളത്തിനടിയിൽ നശിക്കാതെ കിടക്കുന്ന വലിയ കൂട്ടം രാത്രിയിലെത്തുന്ന ചെറു ജലവാഹനങ്ങളെ അപകടത്തിലാക്കുന്നു. ഒഴുകി എത്തുന്ന പോളയും കടകലും ഈ കൂട്ടത്തിൽ തട്ടിനിന്ന് വലിയ കടകൽക്കൂട്ടമായി മാറിയിരുന്നത് ഇക്കഴിഞ്ഞ വെള്ളപ്പൊക്ക സമയത്താണ് ഒഴുകി മാറിയത്. വീണ്ടും പോളയും കടകലും ഇതിനോട് ചേർന്ന് തങ്ങി നില്ക്കുന്നത് വളരെ വേഗം വളർന്ന് പടരാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വെളിയനാട് പഞ്ചായത്ത് അധികാരികളോ ജലവിഭവ വകുപ്പോ ഇത് പൂർണമായും നീക്കം ചെയ്യുന്ന കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത് കൂടുതൽ അപകടത്തിന് കാരണമാകും.
Tags : NattuVishesham DistrictNews