ദേശീയപാത പുതുക്കാട് ജംഗ്ഷനിലെ മേൽപാല നിർമാണത്തോടനുബന്ധിച്ച് സർവീസ് റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു.
തൃശൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുക്കാട് ടൗണ്‍ മണ്ണിട്ടുമൂടുന്ന നടപടി ഒഴിവാക്കി മേൽപാത തൂണുകളിൽ തന്നെ നിർമിക്കണമെന്ന ആവശ്യവുമായി ജനകീയപ്രതിഷേധം ശക്തമാകുന്നു. ഈ ആവശ്യവുമായി പുതുക്കാട് മേൽപാലം ജനകീയസമിതിയുടെ നേതൃത്വത്തിൽ ഇന്നു വൈകീട്ടു മൂന്നിനു പുതുക്കാട് ടൗണിൽ പ്രതിഷേധസദസും ഒപ്പുശേഖരണവും സംഘടിപ്പിക്കും. എഴുത്തുകാരി സാറ ജോസഫ് ഉദ്ഘാടനം ചെയ്യും.
പുതുക്കാട് ടൗണ്‍ മണ്ണിട്ടുമൂടിയാൽ വ്യാപാരസ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രധാന ജനവാസ-വാണിജ്യമേഖലയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ജനകീയസമിതി ചൂണ്ടിക്കാട്ടി. ടൗണ്‍ ആന്പല്ലൂരിലേതിനു സമാനമായി ഹർത്താൽ പ്രതീതിയിലാകുമെന്നും നിരവധി വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്നുമാണു സമിതിയുടെ ആശങ്ക.
നിലവിലെ നിർമാണരീതിയിൽ മാറ്റംവരുത്തി മേൽപാത തൂണുകളിൽ നിർമിച്ചാൽ ടൗണിലെ ഗതാഗതവും വ്യാപാരപ്രവർത്തനങ്ങളും ജനജീവിതവും വലിയ തോതിൽ സംരക്ഷിക്കാനാകുമെന്നാണു സമിതിയുടെ വാദം. മണ്ണിട്ടുമൂടുന്ന നടപടിയിലൂടെ നിരവധി പേരുടെ ജീവിതമാർഗം നഷ്ടപ്പെടുന്നതിനൊപ്പം ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങൾക്കും വഴിവയ്ക്കുമെന്നു ജനകീയസമിതി പറയുന്നു.
പ്രതിഷേധസദസിലും ഒപ്പുശേഖരണത്തിലും നാട്ടുകാരും വ്യാപാരികളും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും. പുതുക്കാട് ടൗണിന്റെ നിലനിൽപ്പും വ്യാപാരമേഖലയുടെ സംരക്ഷണവും ഉറപ്പാക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കുമെന്നു ജനകീയസമിതി ചെയർമാൻ സെബി കൊടിയനും കണ്‍വീനർ കെ.എൽ. ജെയ്സണും അറിയിച്ചു.
Tags : NattuVishesham DistrictNews