ജില്ല അത്ലറ്റിക് ചാന്പ്യൻഷിപ്പിലെ ഓവർറോൾ കിരീടവുമായി കോച്ച് വിജോയ്.
വടക്കാഞ്ചേരി: തൃശൂർ ജില്ലാ അമച്വർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചുവർഷം വ്യത്യസ്ത ടീമുകളെ വിജയകിരീടം ചൂടിച്ച് സൂപ്പർകോച്ച് പരിവേഷത്തിലാണ് പരിശീലകൻ തെക്കുംകര കല്ലുംകൂട്ടം സ്വദേശി നെടുമറ്റത്തിൽ വിജോയ്. കുന്നംകുളത്ത് കഴിഞ്ഞദിവസം സമാപിച്ച ജില്ലാ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ തൃശൂർ വിമല കോളജിനെ ഓവറോൾ ചാന്പ്യൻമാരാക്കിയ വിനോയ് പരിശീലകനെന്ന നിലയിൽ ഏറെ അഭിമാനം നൽകുന്ന നേട്ടത്തിന്റെ സന്തോഷത്തിലാണ്.
അഞ്ചു കിരീടങ്ങളും വ്യത്യസ്ത ടീമുകൾക്കൊപ്പമാണു നേടിയതെന്നതാണ് ഈ പരിശീലകനെ വ്യത്യസ്തനാക്കുന്നത്. 2022, 2023 വർഷങ്ങളിൽ സെന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിനെയും 2024, 2026 വർഷങ്ങളിൽ തൃശൂർ വിമല കോളജിനെയും ജേതാക്കളാക്കിയ വിനോയ് 2025ൽ മച്ചാട് സ്പോർട്സ് ഗ്രിഡ് ക്ലബിനൊപ്പമാണ് കിരീടനേട്ടം ആഘോഷിച്ചത്.
ഈ വർഷത്തെ ചാന്പ്യൻഷിപ്പിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രണ്ടു ടീമുകളെയാണ് വിനോയ് പരിശീലിപ്പിച്ചു കളത്തിലിറക്കിയത്. അതിൽ 362 പോയിന്റുമായി തൃശൂർ വിമല കോളജ് ജേതാക്കളായപ്പോർ 259 പോയിന്റുമായി സെന്റ് എലിസബത്ത് സ്കൂളിനെ മൂന്നാം സ്ഥാനത്തുമെത്തിക്കാനായി. ഒരേചാന്പ്യൻഷിപ്പിൽ രണ്ടു ടീമുകളെ പരിശീലിപ്പിച്ച് മികച്ച നിലയിൽ എത്തിക്കാൻ കഴിഞ്ഞതു പരിശീലകനെന്ന നിലയിൽ ഏറെ അഭിമാനിക്കാവുന്ന നേട്ടമാണെന്നു വിനോയ് പറയുന്നു. വിജയത്തിനായി കഠിനാധ്വാനം ചെയ്ത കായികതാരങ്ങൾക്കും മാനേജ്മെന്റുകൾക്കും മാതാപിതാക്കൾക്കും പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയാണ് വിനോയ്.
Tags : NattuVishesham DistrictNews