കൂത്തുപറമ്പ്: കാലങ്ങളായി ഇടതു കോട്ടയാണ് കൂത്തുപറമ്പ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഒരേപോലെ സ്വാധീനമുള്ള പ്രദേശം. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലം. 2021ൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ പിന്തുണച്ചു. 2021ൽ എൽജെഡി (ഇപ്പോൾ ആർജെഡി) സ്ഥാനാർഥിയായി മത്സരിച്ച കെ. പി. മോഹനൻ 9541 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, കുന്നോത്ത് പറമ്പ്, മൊകേരി, പാട്യം, തൃപ്പങ്ങോട്ടൂർ, പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൂത്തുപറമ്പ് അസംബ്ലി മണ്ഡലം.
ഇതിൽ പാനൂർ നഗരസഭയും കുന്നോത്ത്പറന്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളും മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. വടകര ലോകസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കൂത്തുപറന്പിൽ കഴിഞ്ഞ 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 10,892 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 8000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട്.
വഴി മാറുമോ കെ.പി. മോഹനൻ
സിറ്റിംഗ് എംഎൽഎയായ കെ.പി. മോഹനൻ തന്നെ ഇക്കുറി മത്സരത്തിനിറങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെ.പി. മോഹനന്റെ ജ്യേഷ്ഠപുത്രനായ പി.കെ. പ്രവീണിനെ രംഗത്തിറക്കാനും സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
സംസ്ഥാന സെക്രട്ടറി പി.കെ. പ്രവീണിന്റെ പേരും പരിഗണനയിലുണ്ട്. എന്നാൽ, മണ്ഡലത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും 60,000 ത്തിന് മുകളിൽ വോട്ട് നേടിയ യുഡിഎഫിനും മണ്ഡലത്തിൽ ശുഭപ്രതീക്ഷ ഏറെയാണ്. മണ്ഡലം തിരിച്ചു പിടിക്കാൻ ലീഗ് തന്നെ സ്ഥാനാർഥിയെ ഇറക്കുമോ അതോ കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കുമോ എന്നതും മണ്ഡലത്തിൽ ചർച്ചാവിഷയമാണ്.
യുഡിഎഫ് ശക്തനായ സ്ഥാനാർഥിയെ മത്സരരംഗത്ത് ഇറക്കുകയാണെങ്കിൽ കടുത്ത പോരാട്ടത്തിനാവും ഇക്കുറി മണ്ഡലം സാക്ഷ്യം വഹിക്കുക. എൽഡിഎഫിൽ ആർജെഡിക്ക് തന്നെ സീറ്റ് നൽകാനാണ് ധാരണയായത്.
ഇത്തവണയും ലീഗിനാണ് മണ്ഡലം നൽകുന്നതെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ളയെ തന്നെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യം ഉയർത്തുന്നത്. മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറി ജയന്തി രാജൻ, ലീഗ് ദേശീയ വൈസ് പ്രസിന്റ് സൈനുൽ ആബിദ്, കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ബിജെപി ഇത്തവണയും ശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ പി. സത്യപ്രകാശ്, സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി എന്നിവരുടെ പേരും സ്ഥാനാർഥി പരിഗണനയിലുണ്ട്.
Tags : nattu vishesham gathering mark the end