അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേ നിർമിക്കണമെന്ന് ജി.സുധാകരൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. നിലവിലുള്ള സ്പിൽവേ കാലപ്പഴക്കം മൂലം ശരിയായി പ്രവര്ത്തിക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. സ്പിൽവേയിലെ 40 ഷട്ടറുകളിൽ ഏറെയും തുറന്നിട്ടുണ്ട്. എന്നാൽ ഷട്ടറുകൾ പലതും മതിയായ നിലയിൽ പ്രവർത്തിക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതുമൂലം കിഴക്കൻ വെളളത്തിന്റെ വരവ് നിയന്ത്രിക്കാനാകുന്നില്ല.ഇതിന് പരിഹാരം പുതിയ സ്പിൽവേ നിർമിക്കുക മാത്രമാണ്.
സ്പിൽവേയ്ക്ക് പടിഞ്ഞാറുവശം പുതിയ ദേശീയപാതയ്ക്കുള്ള പാലത്തിന്റെ നിർമാണം നടന്നുവരുന്നുണ്ട്. അതും പൂർത്തിയായി പുതിയ സ്പിൽവേയും വന്നുകഴിഞ്ഞാൽ തോട്ടപ്പള്ളിയും പരിസരവും ഒരു ചെറുനഗരമായി മാറും. കൂടാതെ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാൻ കഴിയുന്നതോടെ കുട്ടനാടൻ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമാകുകയും ഒപ്പം ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തോട്ടപ്പളളി സ്പിൽവേ കനാലിനെ ഉൾപ്പെടുത്താനുമാകും. കേന്ദ്ര സർക്കാർ അനുവദിച്ച ടൂറിസം സർക്യൂട്ടിനുള്ളിലാണ് സ്പിൽവേയും കനാലും ഉൾപ്പെട്ടിട്ടുള്ളത്. ആയതിനാൽ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേ നിർമിക്കണമെന്നാണ് നിയമസഭയിൽ അദ്ദേഹം ആവശ്യപ്പെട്ടത്.
തോട്ടപ്പളളിയിൽ പുതിയ സ്പിൽവേ നിർമിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് എംഎൽഎയുടെ സബ്മിഷന് മറുപടിയായി ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. എഴുപതു വർഷം പഴക്കമുള്ളതിനാൽ വെള്ളത്തിനടിയിലെ സ്പിൽവേ സ്ട്രക്ചറിന്റെ സ്ഥിതി പരിശോധിക്കും. തുടർന്ന് തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേ നിർമാണത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി സബ്മിഷന് മറുപടിയായി അറയിച്ചു.
തോട്ടപ്പളളിയിൽ നിലവിലുള്ള സ്പിൽവേ കാലപ്പഴക്കത്താൽ ജലനിർഗമനത്തിന് പര്യാപ്തമല്ലെന്ന എംഎൽഎയുടെ ആവശ്യം സർക്കാർ പരിശോധിക്കും. ജലനിർഗമനം സുഗമമാക്കുന്നതിനും അഴിമുഖം പൂർണമായി തുറക്കാനും കഴിയുന്ന വിധത്തിൽ സർക്കാർ അനുകൂല നടപടി സ്വീകരിക്കും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ നിർമാണ പ്രവർത്തനങ്ങളും നവീകരണ നടപടികളും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.