മടിക്കൈ ഉമിച്ചിയില്‍ കണ്ടെത്തിയ കല്ലില്‍ കൊത്തിയ പല്ലാങ്കുഴി.
നീലേശ്വരം: നീലേശ്വരത്തിന്റെ സമീപ പ്രദേശങ്ങളായ മടിക്കൈ ഉമിച്ചി, ബാനം, അരിയിട്ടപാറ എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ മഹാശിലാ കാലഘട്ടത്തിലോ അതിനു മുമ്പ് നവീന ശിലായുഗത്തിലോ വിനോദങ്ങളിലേര്പ്പെട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ കണ്ടെത്തി. ഇവിടങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ വിശ്രമവേളകളില്‍ കളിക്കുന്നതിനായി പാറയില്‍ കൊത്തിയെടുത്ത പല്ലാങ്കുഴി എന്നു വിളിക്കുന്ന ചരിത്രശേഷിപ്പുകളാണ് കണ്ടെത്തിയത്.
ബാനത്ത് നാലും മടിക്കൈ ഉമിച്ചിയില്‍ ഒന്നും ചീമേനി അരിയിട്ട പാറയില്‍ ഒന്നും കാടിപ്പലകകളാണ് പാറയില്‍ കൊത്തിവെച്ചിട്ടുള്ളത്. എല്ലാത്തിന്റെയും സമീപത്ത് പ്രകൃതിദത്തമായ ജലസംഭരണികളായ പള്ളങ്ങളും ഉണ്ട്. പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശന് കാളിയാനം പാറകളില്‍ കാണുന്ന അസാധാരണമായ കുഴികളെക്കുറിച്ച് അറിയിച്ചതനുസരിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കാഞ്ഞങ്ങാട് നെഹ്റു കോളജ് ചരിത്രവിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാര്‍ കോറോത്താണ് പാറയില്‍ കൊത്തിയ കാടിപ്പലക മനുഷ്യനിര്‍മിതമാണെന്നും അമൂല്യമായ ചരിത്ര ശേഷിപ്പുകളാണെന്നും സ്ഥിരികരിച്ചത്. വിജിലന്‍സ് ജില്ലാ മേധാവി വി.കെ.വിശ്വംഭരനും സ്ഥലം സന്ദര്‍ശിച്ചു.
പല്ലാങ്കുഴി രണ്ടായിരം മുതല്‍ എട്ടായിരം വര്‍ഷം വരെ പഴക്കമുണ്ടായിരിക്കാമെന്നാണ് അവയുടെ നിര്‍മാണരീതി സൂചിപ്പിക്കുന്നത്. ഉറപ്പേറിയ വെണ്മഴു പോലുള്ള നവീന ശിലായുഗത്തിലെ പണിയായുധങ്ങള്‍ കൊണ്ടോ മഹാശിലകാലഘട്ടത്തിലെ ഇരുമ്പായുധങ്ങള്‍ കൊണ്ടോ നിര്മിച്ചതായിരിക്കാം ഇവ.
തെക്കെ ഇന്ത്യയിലെ തന്നെ എറ്റവും വലിയ നവീന ശിലായുഗത്തിലെ വെണ്മഴു ലഭിച്ചത് 2015 നവംബര്‍ മാസത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ തിമിരിയിലെ ആര്. രാധാകൃഷ്ണന്റെ പക്കല്‍ നിന്നാണ്. ഇത് സൂചിപ്പിക്കുന്നത് സമീപപ്രദേശങ്ങളായ ചീമേനിയിലും നീലേശ്വരത്തിന്റെ മലയോര മേഘലകളിലും നവീന ശിലായുഗത്തില്‍ ജനാധിവാസം ഉണ്ടായിരുന്നെന്നും അവരുടെ വിശ്രമവേളകളില്‍ പല്ലാങ്കുഴി പോലുള്ള കളികള്‍ കളിച്ചിരിക്കാമെന്നുമാണ്.
40 വര്‍ഷം മുൻപുവരെ ഇവിടുത്തെ ജനങ്ങള്‍ മഞ്ചാടിക്കുരുകൊണ്ടുള്ള കളിക്ക് ഉപയോഗിക്കുന്ന കാടിപ്പലക അഥവാ മഞ്ചാടിപ്പലകയുടെ രൂപത്തിലാണ് പാറയില്‍ സമാന്തരമായി രണ്ടു വരിയായി കൊത്തിവച്ച 14 കുഴികളോടുകൂടിയ ചരിത്രനിര്മിതിയുള്ളത്.
Tags :