അയ്യൻകുന്ന് പഞ്ചായത്തിലെ സെന്റ് ജൂഡിൽ എംസിഎഫിൽ അടച്ചിട്ട തെരുവുനായ്ക്കൾ.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തി കവലയിലെ സെന്റ് ജൂഡ് ഭാഗത്തുള്ള ഹരിതകർമസേനയുടെ മിനി എംസിഎഫിൽ തെരുവുനായകളെ പിടികൂടി പൂട്ടിയിട്ടു. മൂന്ന് തെരുവുനായകളെയാണ് പൂട്ടിയിട്ടത്. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിൽ ഭ്രാന്തൻ കുറുക്കന്റെ ആക്രമണത്തിൽ നിരവധി വളർത്തു നായകൾക്കും തെരുവ് നായകൾക്കും കടിയേറ്റിരുന്നു. ഇതിനു പിന്നാലെ അധികൃതർ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ നായകളെ പിടികൂടിയിരുന്നു.
ഇത്തരത്തിൽ പിടിക്കൂടിയ നായകളെയാണ് താത്കാലികമായി അധികൃതർ എംസി എഫിനുള്ളിൽ പൂട്ടിയിട്ടത്. കുറുക്കന്റെ കടിയേറ്റ നായകളെ പിടിക്കൂടിയെങ്കിലും കൂടുതൽ നായകളെ പിടികൂടിയ സാഹചര്യത്തിൽ ഇവയെ സുരക്ഷിതമായി പാർപ്പിക്കാനാണ് പഞ്ചായത്തിന്റെ അനുമതിയോടെ ഇവയെ മിനി എംസിഎഫിൽ പാർപ്പിച്ചത്. ഇത്തരത്തിൽ അടിയന്തര സാഹചര്യത്തിൽ എംസിഎഫുകൾ നായ്ക്കളെ ഉൾപ്പെടെ പാർപ്പിക്കുന്നതിന് ഉപയോഗിക്കാമെന്ന് പഞ്ചായത്ത് ഭരണ സമിതി നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നുവെന്ന് പ്രസിഡന്റ് മിനി വിശ്വനാഥൻ ദീപികയോട് പറഞ്ഞു .
മിനി എംസിഎഫിൽ തെരുവുനായകളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത് ജനങ്ങളിൽ കൗതുകമുയർത്തിയെങ്കിലും മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി.
മിനി എംസിഎഫിലെ നായകൾക്ക് ബിരിയാണി ഉൾപ്പടെയുള്ള ഭക്ഷണമാണ് പഞ്ചായത്തംഗം രാജേഷിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകിയത്. നായകളെ ഇന്ന് എബിസി സെന്ററിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags :