ഫാസ്ടാഗിൽ പണമില്ലാതെ ടോൾപ്ലാസയിൽ പിടിച്ചിട്ട ബസുകളിലൊന്ന്.
വടക്കഞ്ചേരി: ഫാസ്ടാഗിൽ പണമില്ലാതെ കെഎസ്ആർടിസി ബസുകൾ ടോൾപ്ലാസയിൽ പിടിച്ചിടുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.
ചൊവ്വാഴ്ച പന്നിയങ്കര ടോൾപ്ലാസയിൽ രാവിലെ മാത്രം മൂന്നു ബസുകളാണ് ടോൾബൂത്ത് കടന്നുപോകാൻ ഫാസ്ടാഗിൽ പണമില്ലാതെ ടോൾകമ്പനി പിടിച്ചിട്ടത്.
യാത്രക്കാർ ബഹളംവച്ചതിനെ തുടർന്ന് കണ്ടക്ടർ ഡിപ്പോ അധികാരികളുമായി ബന്ധപ്പെട്ട് ഗൂഗിൾ പേ വഴി പണമടച്ചാണ് ബസുകൾ ടോൾ കടന്നുപോയത്.
ദീർഘദൂര ബസുകൾ ഉൾപ്പെടെയാണ് ഈ വിധം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
പിടിച്ചിടുന്ന ബസിൽനിന്ന് യാത്രകാർ ഇറങ്ങി ഏറെനേരം മറ്റു ബസുകൾ കാത്തുനിൽക്കണം. അതല്ലെങ്കിൽ സ്വകാര്യ ബസുകളിൽ കയറി യാത്ര തുടരണം.
ചൊവ്വാഴ്ച പിടിച്ചിട്ട ബസുകളിൽ കൂടുതലും തൃശൂർ ഡിപ്പോയിൽ നിന്നുള്ള ബസുകളായിരുന്നു. യഥാസമയം പണമടച്ച് ടോൾ ബൂത്തുകൾ കടക്കാനുള്ള സംവിധാനം ഒരുക്കാത്തതാണ് യാത്രക്കാർ വഴിയിൽപ്പെടാൻ കാരണമാകുന്നതെന്ന് പറയുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്.
Tags :