ദേശീയപാത അധികൃതർക്കെതിരേ കയ്പമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നടത്തിയ പ്രതിഷേധം.
കാളമുറി: കയ്പമംഗലം പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നും ദേശീയപാതയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയപാത അധികൃതർക്കെതിരേ ശക്തമായ പ്രതിഷേധവുമായി കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ.
കയ്പമംഗലം പനമ്പിക്കുന്നിൽ സംഘടിപ്പിച്ച സമരത്തിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തെ തുടർന്ന് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ആറുമാസത്തോളമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. മാസങ്ങൾ പിന്നിട്ടിട്ടും പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ദേശീയപാത അഥോറിറ്റിയും നിർമാണ കമ്പനിയായ ശിവാലയയും തയാറായിട്ടില്ലെന്നാണ് ജനപ്രതിനിധികളുടെ ആരോപണം.
കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക, ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക, തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുക, നിരീക്ഷണ കാമറകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ്യ, സ്ഥിരംസമിതി അധ്യക്ഷൻമാരായ സുരേഷ് കൊച്ചുവീട്ടിൽ, മണി ഉല്ലാസ്, അൻസ മോൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
Tags :