പള്ളിക്കെതിരേ വ്യാജരേഖകൾ സൃഷ്ടിച്ചവർക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് എൽത്തുരുത്ത് സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങൾ കളക്ടറേറ്റിനുമുന്പിൽ നടത്തിയ ധർണ
തൃശൂർ: ഇടവകയുടെ പേരിൽ വ്യാജരേഖകൾ സൃഷ്ടിക്കുന്ന മുൻ കൈക്കാരൻമാർക്കും കൂട്ടാളികൾക്കുമെതിരേ നിയമനടപടി ആവശ്യപ്പെട്ട് എൽത്തുരുത്ത് സെന്റ് മേരീസ് ഇടവകാംഗങ്ങൾ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.
മുൻ സർക്കാരും കോർപറേഷൻ മുൻ ഭരണസമിതിയും രാഷ്ട്രീയപിന്തുണ നൽകിയതാണു കുറ്റക്കാർക്കെതിരേ കേസെടുക്കാൻ പൊലിസ് തയാറാവാഞ്ഞതിനു കാരണമെന്നു ധർണ ഉദ്ഘാടനം ചെയ്ത എൽത്തുരുത്ത് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോയ് കൂത്തൂർ പറഞ്ഞു. മൂന്നുവർഷമായി ഇവർ നിയമവിരുദ്ധമായി പ്രവർത്തിക്കുകയും വ്യാജരേഖകൾ ചമച്ച് ഹൈക്കോടതിയെവരെ തെറ്റിധരിപ്പിച്ച് ഇടവക പള്ളിയുടെ നിർമാണം താത്കാലികമായി തടഞ്ഞിരിക്കുകയുമാണെന്നും ഫാ. ജോയ് കൂത്തൂർ കുറ്റപ്പെടുത്തി.
വികാരിയച്ചൻ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുക, പള്ളിയുടെ മുദ്ര, മിനിറ്റ്സ് ബുക്കുകൾ, രേഖകൾ എന്നിവ പിടിച്ചെടുത്ത് ഇടവകയ്ക്കു തിരികെ നൽകുക, വ്യാജമുദ്രയും വ്യാജരേഖകളും നിർമിച്ച മുൻ കൈക്കാരൻമാർക്കും കുട്ടാളികൾക്കുമെതിരേ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വികാരി ഫാ. ജോയ് കൂത്തൂരിന്റെ നേതൃത്വത്തിലായിരുന്നു ധർണ.
2022 ഒക്ടോബർ ഒന്നുമുതൽ ഒരു വർഷത്തേക്കു നിയമിതരായിരുന്ന മൂന്നു കൈക്കാരൻമാർ പള്ളിക്കെതിരേ പ്രവർത്തിച്ചതിന്റെ പേരിൽ 2023 ഓഗസ്റ്റ് 19ന് തൃശൂർ അതിരൂപതാധ്യക്ഷൻ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഒക്ടോബർ 11നു തത്സ്ഥാനത്തുനിന്നു പുറത്താക്കി.
പുറത്താക്കപ്പെട്ടവർക്ക് ഇടവകയെ പ്രതിനിധീകരിക്കാൻ യാതൊരു അധികാരവുമില്ലെന്നു 2024 മേയ് 17നു തൃശൂർ അതിരൂപത കാര്യാലയം രേഖാമൂലം അറിയിക്കുകയും ചെയ്തു.
എന്നാൽ ഇവർ അതിനുശേഷവും പള്ളിയുടെ ഒൗദ്യോഗിക മുദ്ര അനധികൃതമായി കൈയിൽവച്ചു തെറ്റായ രേഖകൾ സൃഷ്ടിക്കുകയും അവ സിവിൽ അധികാരികൾക്കും കോടതികളിലും സമർപ്പിച്ചു പള്ളിക്കെതിരേ നിരന്തരമായി പ്രവർത്തിക്കുകയുമാണെന്നാണ് ഇടവകാംഗങ്ങളുടെ ആരോപണം. ഇതിനെതിരേ വികാരിയച്ചൻ വിവിധ പരാതികൾ നൽകിയെങ്കിലും തൃശൂർ വെസ്റ്റ് പൊലിസ് നടപടി സ്വീകരിച്ചില്ല.
പുറത്താക്കപ്പെട്ടവർ വ്യാജരേഖ ഉപയോഗിച്ചും കെ സ്മാർട്ടിൽ ഡൗണ്ലോഡിംഗ് ഡേറ്റ് തെറ്റായി അവതരിപ്പിച്ചും ഹൈക്കോടതിയെപ്പോലും തെറ്റിധരിപ്പിച്ച് പള്ളി നിർമാണത്തിനു താത്കാലിക സ്റ്റേ സന്പാദിച്ചതായും പറയുന്നു. തുടർന്നാണു നിയമനടപടി ആവശ്യപ്പെട്ടു ധർണ നടത്താൻ നിർബന്ധിതരായതെന്ന് ഇടവകാംഗങ്ങൾ പറഞ്ഞു..
Tags :