ഫാസ്ടാഗിൽ പണമില്ലാത്തതിനെത്തുടർന്ന് തൃശൂർ, പുതുക്കാട് ഡിപ്പോകളിലെ കെ എസ്ആർടിസി ബസുകൾ പാലിയേക്കര ടോൾ പ്ലാസയിൽ തടഞ്ഞിട്ടിരിക്കുന്നു.
പുതുക്കാട്: ഫാസ്ടാഗിൽ പണമില്ലാത്തതിനെത്തുടർന്ന് തൃശൂർ, പുതുക്കാട് ഡിപ്പോകളിലെ കെഎസ്ആർടിസി ബസുകൾ പാലിയേക്കര ടോൾപ്ലാസ ഒഴിവാക്കി സർവീസ് നടത്തി. ചൊവ്വാഴ്ച രാവിലെ മുതലാണു ബസുകൾ ടോൾപ്ലാസ മറിക്കടക്കാൻ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞു സർവീസ് നടത്തിയത്.
എറണാകുളം ഭാഗത്തേക്കുള്ള പ്രിയദർശിനി ബസുകളും ഫാസ്റ്റ് പാസഞ്ചറുകളും കുഞ്ഞനംപാറയിൽനിന്നു കല്ലൂരിലൂടെ ആന്പല്ലൂരിൽ എത്തിയാണു ദേശീയപാതയിലൂടെ സർവീസ് നടത്തിയത്.
തൃശൂർ ഭാഗത്തേക്കുള്ള ബസുകളും ഇതേ റൂട്ടിലൂടെയാണു സർവീസ് നടത്തിയത്. തൃശൂർ, പുതുക്കാട് ഡിപ്പോയിലെ നിരവധി ബസുകളാണു ഫാസ്ടാഗിൽ പണമില്ലാതെ പ്രാദേശികറോഡുകളെ ആശ്രയിച്ചത്.
ടോൾ പ്ലാസയിൽ എത്തിയ ശേഷമാണു ചില ബസുകളുടെ ഫാസ്ടാഗിൽ പണമില്ലെന്നറിഞ്ഞത്. ഈ ബസുകൾ കൂടുതൽ തുക നൽകിയാണു ടോൾ പ്ലാസ കടന്നത്. ഡ്രൈവർമാർ പരാതി നൽകിയതോടെയാണ് കെ എസ്ആർടിസി അധികൃതർ വിവരമറിയുന്നത്. പിന്നീട് ഓർഡിനറി ബസുകൾ ടോൾ ഒഴിവാക്കി പോകാനും ദീർഘദൂരബസുകൾ ടോൾ നൽകി പോകണമെന്നും നിർദേശമെത്തി. പുതുക്കാട് ഡിപ്പോയിലെ ബസുകൾക്ക് മാസം 530 രൂപയും, തൃശൂർ ഡിപ്പോയിലെ ബസുകൾക്ക് മാസം 1050 രൂപയുമാണു ടോൾനിരക്ക്. ഫാസ്ടാഗിൽ പണമില്ലാത്ത ദീർഘദൂരബസുകൾ ഒന്നേകാൽ ഇരട്ടിതുക നൽകിയാണു സർവീസ് നടത്തിയത്.
ബസുകൾ പണം നൽകുന്നതിനു കൂടുതൽ സമയമെടുത്തത് ടോൾ ബൂത്തുകളിൽ ഗതാഗതതടസത്തിനും ഇടയാക്കി. ഫാസ്ടാഗിനു വേണ്ടിയുള്ള പണം ബാങ്കിനു കൈമാറിയതായും സാങ്കേതികപ്രശ്നങ്ങൾ മൂലമാണു തടസം നേരിട്ടതെന്നും കെ എസ്ആർടിസി അധികൃതർ അറിയിച്ചു.
Tags :