പടിയൂര്‍ പോത്താനി പാടശേഖരത്തില്‍ കാട്ടുപന്നികള്‍ നെല്‍കൃഷി നശിപ്പിച്ച നിലയില്‍.
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ പോത്താനി പാടശേഖരത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടമിറങ്ങി നെല്‍കൃഷി വ്യാപകമായി നശിപ്പിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലായി.
നെല്ലുനടല്കഴിഞ്ഞ് ദിവസങ്ങള്‍മാത്രം പിന്നിട്ട പാടങ്ങളിലാണ് കാട്ടുപന്നികള്‍ കയറി കൃഷി കുത്തിയിളക്കി നശിപ്പിച്ചത്. കുഞ്ഞിക്കാട്ടില്‍ മണി, കാരയില്‍ സലീഷ്, തെക്കോട്ടു വലൂപറമ്പില്‍ സുബ്രഹ്മണ്യന് എന്നിവരുടെ പാടങ്ങളിലാണ് കൃഷിനാശമുണ്ടായത്. കൃഷിയുടെ പ്രാരംഭഘട്ടത്തില്‍തന്നെ നെല്‍ച്ചെടികള്‍ നശിപ്പിച്ചത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഏറെ അധ്വാനവും പണച്ചെലവും സഹിച്ച് നിലമൊരുക്കി നെല്ലുനടല് പൂര്ത്തിയാക്കിയതിനുപിന്നാലെയുണ്ടായ കൃഷിനാശം കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
നെല്‍കൃഷി മാത്രമല്ല, വയല്‍വരമ്പുകളും കാട്ടുപന്നികള്‍ കുത്തിയിളക്കി നശിപ്പിക്കുന്നുണ്ട്. ഇതുമൂലം കൃഷിയിടങ്ങളുടെ സംരക്ഷണത്തിനും അധികച്ചെലവ് വേണ്ടിവരുന്ന സാഹചര്യമാണുള്ളത്. പാടശേഖരത്തോട് ചേര്‍ന്നുള്ള രണ്ട് പറമ്പുകള്‍ കാടുപിടിച്ചു കിടക്കുന്നതാണ് കാട്ടുപന്നികളുടെ പ്രധാന താവളമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടുപന്നി ശല്യം ആവര്‍ത്തിക്കുന്നത് നെല്‍കൃഷിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കൃഷിനാശം ആവര്‍ത്തിച്ചാല്‍ വരുംദിവസങ്ങളിലും വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കാടുപിടിച്ചുകിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുന്നതിനും കാട്ടുപന്നികള്‍ പാടശേഖരങ്ങളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനും അടിയന്തരനടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നെല്‍കൃഷി സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണുന്നതിനും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Tags :