കിള്ളിക്കുർശിമംഗലം കുഞ്ചൻനമ്പ്യാർ സ്മാരകത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് കെ. പ്രേംകുമാർ എംഎൽഎ നേതൃത്വം നൽകുന്നു.
പാലക്കാട്: അക്ഷരപുണ്യം നുകർന്ന് ആയിരക്കണക്കിനു കുരുന്നുകൾ വിദ്യാലോകത്തേക്കു ചുവടുവച്ചു. നല്ല വാക്കുകൾ കേൾക്കാനും കുറിക്കാനും ഉച്ചരിക്കാനും കഴിവു നൽകണമെന്ന പ്രാർഥനയോടെയാണ് വിജയദശമി ദിനത്തിൽ കുട്ടികൾ അക്ഷരദേവതയെ ഉപാസിച്ചത്.
ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും ഇന്നലെ പുലർച്ചെ തന്നെ ഹരിശ്രീ കുറിക്കാനെത്തിയ കുരുന്നുകളെയും രക്ഷിതാക്കളെയുംകൊണ്ട് നിറഞ്ഞിരുന്നു.
മണപ്പുള്ളിക്കാവിൽ ഇന്നലെ രാവിലെ ഏഴുമുതൽ എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിച്ചു. കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രം (ഏമൂർ ഭഗവതി ക്ഷേത്രം), വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം, മൂത്താന്തറ കർണകിയമ്മൻ ക്ഷേത്രം, പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം, തിരുവാലത്തൂർ രണ്ടുമൂർത്തി ക്ഷേത്രം, കാവിൽപ്പാട് ഭഗവതി ക്ഷേത്രം, പരിയാനന്പറ്റ ഭഗവതി ക്ഷേത്രം, കടന്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ആരാധനാലയങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടന്നു.
ചിറ്റൂർ തുഞ്ചൻ ഗുരുമഠത്തിൽ ഇന്നലെ രാവിലെ ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന എഴുത്താണി, സാളഗ്രാമം, ശ്രീചക്രം, യോഗദണ്ഡ്, പാദുകം, താളിയോലഗ്രന്ഥങ്ങൾ എന്നിവയിൽ തൃമധുരത്തോടെ പൂജനടന്നു. 7.30ന് നിവേദിച്ച തൃമധുരം ആദ്യകുട്ടിക്ക് നൽകി. ശേഷം എഴുത്തിനിരുത്തിന് തുടക്കമായി.
കിള്ളിക്കുറിശിമംഗലത്തെ കുഞ്ചൻനന്പ്യാർ സ്മാരകത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന് സരസ്വതിപൂജ നടന്നു. ഏഴിന് വിദ്യാരംഭ ചടങ്ങുകളും ആരംഭിച്ചു. കെ. പ്രേംകുമാർ എംഎൽഎ, കലക്കത്ത് രാധാകൃഷ്ണൻ, പത്മശ്രീ രാമചന്ദ്ര പുലവർ, കുഞ്ചൻസ്മാരകം ശങ്കരനാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് ചിത്ര ടിച്ചർ, കെ. ശ്രീവത്സൻ, കലാമണ്ഡലം ശിവദാസ്, എം. രാമകൃഷ്ണൻ, കുഞ്ചൻ സ്മാരകം രാജേഷ് എന്നിവർ ആചാര്യരായി. സാംസ്കാരിക സദസ് കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്മാരകം ചെയർമാൻ കെ. ജയദേവൻ അധ്യക്ഷത വഹിച്ചു. അയ്യപ്പൻകാവിൽ വിജയദശമിപൂജയ്ക്കു ശേഷം ഇന്നലെ രാവിലെ 8.30 മുതൽ വിദ്യാരംഭം ആരംഭിച്ചു.
പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ രാവിലെ ഒന്പതു മുതൽ വിദ്യാരംഭം തുടങ്ങി. പൂഴിക്കുന്ന് ശ്രീകൃഷ് ക്ഷേത്രത്തിൽ രാവിലെ 7.30ന് വിദ്യാരംഭം ചടങ്ങുകൾക്ക് തുടക്കമായി.
Tags :