പ്രതീകാത്മക ചിത്രം
പേരൂർക്കട: കാറ്റും മഴക്കെടുതിയും കൂടാതെ തീപിടിത്തവും മറ്റു പ്രശ്നങ്ങളും മൂലം തിരുവനന്തപുരം ഫയർഫോഴ്സിലെ സേനാംഗങ്ങൾക്ക് തിരക്കിട്ട ദിനമായിരുന്നു ശനിയാഴ്ച. അട്ടക്കുളങ്ങര ബുർജ് അൽ മന്തി എന്ന ഹോട്ടലിന്റെ ഇലക്ട്രിക് ബോർഡിന് തീ പിടിച്ചത് സേനാംഗങ്ങൾ എത്തി അണച്ചു. തമ്പാനൂർ ഭാഗത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ചവറിന് തീ പിടിച്ചതും സേനാംഗങ്ങൾ അണച്ചു,
പട്ടം കോസ്മോ ആശുപത്രിക്ക് സമീപം കേദാർ ലെയിനിൽ ജയേഷിന്റെ ഉടമസ്ഥതയിലുള്ള കൗസ്തുഭം വീടിന്റെ മീറ്റർ ബോർഡിൽ ഒരു എലി കുടുങ്ങി ലൈൻ ഷോർട് ആയി കത്തിയത് ഭീതി പരത്തി. സംഭവം നടന്നയുടൻ വീട്ടുകാർ പുറത്തേക്കിറങ്ങി ഓടി.
പരിസരവാസികൾ അറിയിച്ചാണ് ഫയർഫോഴ്സ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചത്. ആയുർവേദ കോളജിന് സമീപം താമസിക്കുന്ന സായന്തു മനോഹരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സായന്തു വില്ല വീട്ടിൽ മുറിയിൽ കുടുങ്ങിക്കിടന്ന രണ്ടു വിദ്യാർഥികളെ സുരക്ഷിതമായി ഡോർ ബ്രേക്കർ ഉപയോഗിച്ച് പുറത്തെത്തിച്ചു.
വീട്ടിൽ പുറത്തുനിന്ന് എത്തിയ രണ്ടു കുട്ടികളാണ് കുടുങ്ങിപ്പോയത്.
തിരുവനന്തപുരം നിലയത്തിൽ നിന്ന് ഗ്രേഡ് എഎസ്ടിഒ ഷഹീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Fire Force