പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: സഹകരണ ബാങ്കുകളിലെ കുടിശിക കുറച്ചു കൊണ്ടുവരുന്നതിനും സാധാരണക്കാർക്ക് ആശ്വാസമേകുന്നതിനുമായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കിയ "ആശ്വാസ് 2026’ കുടിശിക നിവാരണം പദ്ധതി വഴി പെരിന്തൽമണ്ണ സർക്കിളിലെ കുടിശിക വായ്പകൾ തിരിച്ചടച്ചവർക്ക് 4.6 കോടി രൂപ പലിശയിളവ് അനുവദിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം പെരിന്തൽമണ്ണ സർക്കിളിൽ ചേർന്ന സഹകരണ ബാങ്കുകളുടെ അവലോകന യോഗം കൂടിശിക നിവാരണം ചർച്ച ചെയ്തിരുന്നു. പെരിന്തൽമണ്ണ സർക്കിളിൽ 2293 പേർക്ക് 4.6 കോടി രൂപ പലിശയിളവ് അനുകൂല്യം ലഭ്യമാക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി. സെപ്തംബർ 30 വരെയാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ വിവിധ അദാലത്തുകളിൽ തീർപ്പ് കൽപ്പിച്ച വായ്പ കുടിശിക അടവാക്കുന്നവർക്ക് ഇന്നുവരെ സമയം നൽകിയിട്ടുണ്ട്. ഇതു പൂർത്തിയാകുന്നതോടെ പലിശയിളവ് അഞ്ച് കോടി രൂപയിലേക്ക് എത്തുമെന്നാണ് സഹകരണ വകുപ്പിന്റെ പ്രതീക്ഷ.
അവലോകന യോഗത്തിൽ അസിസ്റ്റന്റ് രജിസ്ട്രർ സിദീഖ് അക്ബർ അധ്യക്ഷത വഹിച്ചു. ഓഫിസ് സൂപ്രണ്ട് എൻ.എം. ജോണ്മാത്യു, യൂണിറ്റ് ഇൻസ്പെക്ടർ പ്രതീഷ്, സർക്കിൾ സഹകരണ യൂണിയൻ അംഗം അഷ്റഫ് അരക്കുപറന്പ്, സെക്രട്ടറീസ് സെന്റർ ഭാരവാഹികളായ പി.യൂസുഫ്, മുഹമ്മദ് മുസ്തഫ, സി.കെ.അൻവർ, അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
Tags : Aashwas 2026 NattuVishesham DistrictNews