കോന്നി മെഡിക്കൽ കോളജ്
കോന്നി: മലയോര ജനതയുടെ മികച്ച ചികിത്സാസ്വപ്നങ്ങൾക്ക് കരുത്തുപകരേണ്ട കോന്നി ഗവ. മെഡിക്കൽ കോളജ് വികസനത്തിന്റെ നിർണായക ഘട്ടത്തിലെത്തുമ്പോഴും ചികിത്സാസംവിധാനങ്ങൾ പരിമിതം.
ആധുനിക കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും അവയ്ക്കൊപ്പം ഉയർന്ന നിലവാരത്തിലുള്ള ചികിത്സാസംവിധാനങ്ങളും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. മെഡിക്കൽ കോളജിലെ ആദ്യ എംബിബിഎസ് ബാച്ച് പഠനം പൂർത്തിയാക്കി പുറത്തിറങ്ങാനിരിക്കെ ഡോക്ടർമാരുടെ ലഭ്യത, വിദഗ്ധ ചികിത്സ, ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനക്ഷമത, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളിലെ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ആശുപത്രിയുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തണമെന്നാണ് ഉയരുന്ന ആവശ്യം.
ആധുനിക കെട്ടിടങ്ങളും അക്കാദമിക്ക് ബ്ലോക്കും
ആധുനിക കെട്ടിടങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരു മെഡിക്കൽ കോളജിന്റെ വളർച്ചയ്ക്ക് അടിത്തറയാണെങ്കിലും അവയുടെ പ്രയോജനം സാധാരണക്കാരുടെ ചികിത്സയിൽ പ്രതിഫലിക്കുമ്പോഴാണ് വികസനം പൂർണമാകുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കുന്നുണ്ടോ, അടിയന്തര സാഹചര്യങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാണോ, ആവശ്യമായ പരിശോധനകളും ശസ്ത്രക്രിയകളും ഇവിടെത്തന്നെ നടത്താൻ കഴിയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ലഭ്യമാക്കുന്നതിനൊപ്പം വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുകയും ചികിത്സാസംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും വേണം. ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യമായ വിദഗ്ധ സേവനം ഉറപ്പാക്കുന്നത് രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് അനിവാര്യമാണ്.
ശസ്ത്രക്രിയാ വിഭാഗങ്ങൾ അടഞ്ഞുതന്നെ
ശസ്ത്രക്രിയാ വിഭാഗത്തിന്റെ പ്രവർത്തനവും പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലയാണ്. ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ ഒരുക്കിയതുകൊണ്ടുമാത്രം ശസ്ത്രക്രിയാ സൗകര്യങ്ങൾ പൂർണമാകില്ല. ആവശ്യമായ ഉപകരണങ്ങൾ, അനസ്തേഷ്യാ സംവിധാനങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ, അണുബാധ നിയന്ത്രണം, ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിചരണം എന്നിവയെല്ലാം ഉറപ്പാക്കണം. തീവ്രപരിചരണ വിഭാഗങ്ങളുടെ പ്രവർത്തനക്ഷമതയും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങളുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. ശസ്ത്രക്രിയകൾ വൈകുകയോ ആവശ്യമായ സൗകര്യങ്ങളുടെ അഭാവത്തിൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടിവരികയോ ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ അതിന് ശാശ്വത പരിഹാരം കാണണം.
കുട്ടികളുടെ ചികിൽസ
കുട്ടികളുടെ ചികിത്സയിലും ഗർഭിണികളുടെ പരിചരണത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നവജാതശിശുക്കൾക്കും ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്കും അടിയന്തര ചികിത്സ നൽകുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. പീഡിയാട്രിക്സ് വിഭാഗത്തിൽ ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിനൊപ്പം നവജാതശിശു തീവ്രപരിചരണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം. ഗൈനക്കോളജി വിഭാഗത്തിൽ പ്രസവസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തുന്നതിനും ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കണം. അനസ്തേഷ്യാ സേവനം, രക്തബാങ്ക്, പ്രസവശേഷമുള്ള പരിചരണം എന്നിവയുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരേ ആശുപത്രിയിൽ ലഭ്യമാക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്.
പരിശോധനാ സംവിധാനങ്ങൾ കുറവ്
ലബോറട്ടറി പരിശോധനകൾ, സ്കാനിംഗ് ഉൾപ്പടെയുള്ള രോഗനിർണയ സംവിധാനങ്ങൾ, മരുന്നുകളുടെ ലഭ്യത, അടിയന്തര ചികിത്സ എന്നിവയും ശക്തിപ്പെടുത്തണം.
സങ്കീർണമായ രോഗാവസ്ഥകൾക്ക് ആവശ്യമായ വിദഗ്ധ സേവനങ്ങൾ ഘട്ടംഘട്ടമായി വികസിപ്പിക്കുകയും വേണം. മെഡിക്കൽ കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള ക്ലിനിക്കൽ പരിശീലനം ലഭിക്കുന്നതിന് പരിചയസമ്പന്നരായ അധ്യാപകരുടെയും വിദഗ്ധ ഡോക്ടർമാരുടെയും സേവനം അനിവാര്യമാണ്. ആദ്യ എംബിബിഎസ് ബാച്ച് പുറത്തിറങ്ങാനിരിക്കെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനൊപ്പം ആശുപത്രിയിലെ ചികിത്സാസംവിധാനങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്.
മെഡിക്കൽ കോളജിന്റെ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസവകുപ്പും ആശുപത്രി അധികൃതരും സംയുക്തമായി ഇടപെടണം. ഓരോ വിഭാഗത്തിലെയും അംഗീകൃത തസ്തികകൾ, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ഒഴിവുകൾ, പ്രവർത്തനക്ഷമമായ ഓപ്പറേഷൻ തിയേറ്ററുകൾ, പരിശോധനാ ഉപകരണങ്ങളുടെ ലഭ്യത, പൂർത്തിയാക്കേണ്ട വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച് സമഗ്രമായ വിലയിരുത്തൽ ഉണ്ടാകുന്നില്ല. ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിനും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടികൾ ഇല്ല.
പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന മികച്ച സർക്കാർ ചികിത്സാകേന്ദ്രമായി കോന്നി മെഡിക്കൽ കോളജിനെ മാറ്റുക എന്നതായിരിക്കണം വികസനത്തിന്റെ ലക്ഷ്യമെന്ന് നാട്ടുകാർ പറയുന്നു.
ഓർത്തോവിഭാഗം കാര്യക്ഷമം
മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. ഈ വിഭാഗത്തന്റെ മേധാവിയുൾപ്പടെ സജീവമായതുകൊണ്ട് പ്രധാന ശസ്ത്രക്രിയകൾ ഇവിടെ നടക്കുന്നുണ്ട്. ഒരു ദിവസം 150 ലധികം പേർ ഒപിയിൽ ഈ വിഭാഗത്തിൽ എത്തുന്നുണ്ട്.
കോന്നി മെഡിക്കൽ കോളജ് ഉടൻ സന്ദർശിക്കുമെന്ന് മന്ത്രി മുരളീധരൻ
കോന്നി: കോന്നി മെഡിക്കൽ കോളജ് ഉടൻ സന്ദർശിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ നിയമസഭയിൽ പറഞ്ഞു. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ സബ്മിഷന് മന്ത്രിയുടെ ഉറപ്പ്.
നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ താൻ നേരിട്ട് കോന്നി മെഡിക്കൽ കോളജിലെത്തി നിർമാണ പുരോഗതിയും തുടർ വികസനപദ്ധതികളും വിലയിരുത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാർ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഉപകരണങ്ങൾ വാങ്ങുന്നതിലടക്കം നിലനിൽക്കുന്ന അനാസ്ഥ പരിഹരിക്കണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ആശുപത്രി വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട് എന്ന് മന്ത്രി ഉറപ്പാക്കണമെന്നും ജനീഷ് കുമാർ സബ്മിഷനിൽ ഉന്നയിച്ചു. പിജി കോഴ്സുകൾ ആരംഭിക്കണമെന്നും കാർഡിയോളജി, ന്യൂറോളജി, യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ വേഗത്തിൽ സജ്ജമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
മികച്ച ചികിത്സയാണ് വേണ്ടത്
കോന്നി മെഡിക്കല് കോളജില് ആധുനിക കെട്ടിടങ്ങള് ഉയര്ന്നത് വലിയ പ്രതീക്ഷയാണ് നല്കുന്നത്. എന്നാല് ആവശ്യത്തിന് ഡോക്ടര്മാരും വിദഗ്ധ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണം. ആദ്യ ബാച്ച് എംബിബിഎസ് കുട്ടികള് പുറത്തിറങ്ങാന് സമയമായിട്ടും കിടത്തിച്ചികിത്സ പോലും പൂര്ണതോതില് ആയിട്ടില്ലെന്നത് അപമാനകരമാണ്.
അജിത്ത് മണ്ണില്, കോന്നി
മലയോര ജനതയുടെ പ്രതീക്ഷ സഫലമാകണം
ആദ്യ എംബിബിഎസ് ബാച്ച് പുറത്തിറങ്ങാനിരിക്കേ കോന്നി മെഡിക്കല് കോളജിന്റെ പ്രവര്ത്തനം കൂടുതല് കാര്യക്ഷമമാക്കേണ്ട സമയമാണിത്. ഓപ്പറേഷന് തിയേറ്ററുകള് ഉള്പ്പടെയുള്ള ചികിത്സാസംവിധാനങ്ങള് ശക്തിപ്പെടുത്തുകയും പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളില് ആവശ്യമായ വിദഗ്ധ സേവനം ഉറപ്പാക്കുകയും വേണം. അടിസ്ഥാനപരമായ പ്രശ്നങ്ങള് പരിഹരിക്കാനുള്ള നടപടികള് ഉണ്ടാകണം.
രതീഷ് ബാബു, കോന്നി