പ്രഫ. രഞ്ജിത്ത് തോമസ്.
ചങ്ങനാശേരി: ശാസ്ത്രഗവേഷണ രംഗത്തെ ശ്രദ്ധേയമായ നേട്ടവുമായി സെന്റ് ബര്ക്മാന്സ് ഓട്ടോണമസ് കോളജിലെ രസതന്ത്ര വിഭാഗം പ്രഫസറും തിയററ്റിക്കല് ആന്ഡ് കമ്പ്യൂട്ടേഷണല് കെമിസ്ട്രി കേന്ദ്രത്തിന്റെ ഡയറക്ടറുമായ പ്രഫ. രഞ്ജിത്ത് തോമസ്. സ്റ്റാന്ഫോര്ഡ് സര്വകലാശാലയും എല്സെവിയറും ചേര്ന്ന് പ്രസിദ്ധീകരിക്കുന്ന ലോകത്തെ മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില് 2021 മുതല് 2026 വരെ തുടര്ച്ചയായി ആറു വര്ഷം ഇടംനേടിയാണ് രഞ്ജിത്ത് തോമസ് മികവ് പുലര്ത്തിയത്. അന്താരാഷ്ട്രതലത്തില് അദ്ദേഹത്തിന്റെ ഗവേഷണ സംഭാവനകള്ക്കും ശാസ്ത്രരംഗത്തെ അക്കാദമിക മികവിനുമുള്ള അംഗീകാരമാണിത്. തുടര്ച്ചയായി ആറു വര്ഷം ഈ നേട്ടം കൈവരിച്ച അപൂര്വം അധ്യാപകരില് ഒരാളാണ് ഇദ്ദേഹം. തിയററ്റിക്കൽ, കമ്പ്യൂട്ടേഷണല് കെമിസ്ട്രി മേഖലകളില് 22 വര്ഷത്തെ അധ്യാപന-ഗവേഷണ പരിചയമുള്ള പ്രഫ. രഞ്ജിത്ത് തോമസ് എസ്ബി കോളജില് ഗവേഷണ വിഭാഗത്തിന്റെയും ഗ്ലോബല് പാര്ട്ണര്ഷിപ്പിന്റെയും ഡീനാണ്. മഹാത്മാഗാന്ധി സര്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എസ്ബി കോളജിലെ ഗവേഷണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നതിനൊപ്പം അന്താരാഷ്ട്ര ഗവേഷണ സഹകരണങ്ങള്ക്കും അദ്ദേഹം നേതൃത്വം നല്കുന്നു. യൂറോപ്പ്, അമേരിക്ക, മിഡില് ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് പ്രവര്ത്തിക്കുന്ന ഇദ്ദേഹം പോസ്റ്റ്ഡോക്ടറല് ഗവേഷകരുടെയും ഡോക്ടറല് വിദ്യാര്ഥികളുടെയും അന്താരാഷ്ട്ര ഗവേഷണ സംഘത്തെ നയിക്കുന്നു.
റോയല് സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോ, ചാര്ട്ടേഡ് കെമിസ്റ്റ് എന്നീ ബഹുമതികള് നേടിയിട്ടുള്ള പ്രഫ. രഞ്ജിത്ത് തോമസ് ഇന്ത്യന് കെമിക്കല് സൊസൈറ്റിയുടെ ഫെലോ കൂടിയാണ്. അമേരിക്കന് കെമിക്കല് സൊസൈറ്റി, കെമിക്കല് റിസര്ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ, കേരള അക്കാദമി ഓഫ് സയന്സസ് തുടങ്ങിയ ശാസ്ത്രസംഘടനകളിലും അദ്ദേഹം അംഗമാണ്. റോയല് സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ഒന്നിലധികം ഗവേഷണ പദ്ധതികളില് പ്രിന്സിപ്പല് ഇന്വെസ്റ്റിഗേറ്ററുമാണ്. .
2026-ല് സ്പ്രിംഗര് നല്കിയ എഡിറ്റര് ഓഫ് ഡിസ്റ്റിംഗ്ഷൻ, എഡിറ്റോറിയല് കോണ്ട്രിബ്യൂഷന്, ഓതര് സര്വീസ് അവാര്ഡുകൾ, 2025-ലെ സിസ്റ്റര് ഡോ. ആനി കുര്യാക്കോസ് എന്ഡോവ്മെന്റ്, 2024-ലെ ഫാ. ഡോ. ജോസ് തെക്കന് ഓള് ഇന്ത്യ അവാര്ഡ്, 2023ലെ കേരളത്തിലെ മികച്ച കോളജ് അധ്യാപകനുള്ള പ്രഫ. ശിവപ്രസാദ് അവാർഡ്, 2023ലെ എല്സെവിയറിന്റെ മികച്ച രചയിതാവിനുള്ള പുരസ്കാരം എന്നിവ അവയില് പ്രധാനമാണ്. 2024ല് സെര്ബിയയിലെ നോവിസാഡ് സര്വകലാശാലയില് റോയല് സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ വിസിറ്റിംഗ് റിസര്ച്ചറായും അദ്ദേഹം പ്രവര്ത്തിച്ചു. 2026ല് തുര്ക്കിയിലെ കൊകേലി സര്വകലാശാലയിലേക്ക് ഇന്റര്നാഷണല് പ്രഫസറായി ക്ഷണം ലഭിച്ചതും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അക്കാദമിക അംഗീകാരത്തിന്റെ തെളിവാണ്. ചാഞ്ഞോടി കാട്ടുപറമ്പില് പരേതനായ കെ.ജെ. തോമസ്-അച്ചാമ്മ ദമ്പതികളുടെ മകനാണ് പ്രഫ. രഞ്ജിത്ത് തോമസ്. എസ്ബി കോളജ് ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. അനില സ്കറിയയാണ് ഭാര്യ.
Tags : scientists NattuVishesham DistrictNews