സിവിൽ സർവീസ് കോച്ചിംഗ് സെന്റർ ഉദ്ഘാടനം
ചങ്ങനാശേരി: സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിൽ പുതിയ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കോളജിലെ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പബ്ലിക് പോളിസി വിഭാഗമാണ് ബർക്കുമാൻസ് സിവിൽ സർവീസ് കോച്ചിംഗ് സെന്റർ (BCSCC) ആരംഭിച്ചത്. കോളജിലെ കാർഡിനൽ പടിയറ ഹാളിൽ നടന്ന ചടങ്ങിൽ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഓറിയന്റേഷൻ ക്ലാസും നടന്നു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു.
സിവിൽ സർവീസ് റാങ്ക് വിജയി സ്മിത സാബു (AIR-239, 2025 സിവിൽ സർവീസ് പരീക്ഷ) വിദ്യാർഥികൾക്കായി മാർഗനിർദേശ പ്രഭാഷണം നടത്തി. ഓൾ ഇന്ത്യ സിവിൽ സർവീസസ്, സെൻട്രൽ സർവീസസ് (ഗ്രൂപ്പ് എ), സ്റ്റേറ്റ് സർവീസസ് (ഗ്രൂപ്പ് ബി) തുടങ്ങി വിവിധ മത്സരപരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. വർഷത്തിൽ 200 മണിക്കൂർ ഓഫ്ലൈൻ ക്ലാസുകളും ക്രമമായ ഓൺലൈൻ മെന്ററിംഗും ഉൾപ്പെടുന്ന ഹൈബ്രിഡ് രീതിയിലാണ് കോച്ചിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.ഡോ. ടെഡി കാഞ്ഞൂപറമ്പിൽ, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജയിംസ്, വകുപ്പ് മേധാവി വിന്നി ഡേവിസ്, സെന്റർ കോ-ഓർഡിനേറ്റർ ഡോ. ലിൻസ് ജോസ് എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.