കൗഷികി കുടുംബാംഗങ്ങളോടൊപ്പം.
മാനന്തവാടി: അമേരിക്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന എലൈറ്റ് വേള്ഡ് റിക്കാര്ഡ്സില് മിന്നും നേട്ടവുമായി മാനന്തവാടി സ്വദേശിനിയായ അഞ്ചാം ക്ലാസുകാരി കൗഷികി.
ഒരേസമയം ശാരീരിക ഏകാഗ്രതയും ഗണിതശാസ്ത്ര മികവും പ്രകടിപ്പിച്ചാണ് ഈ കൊച്ചുമിടുമി റിക്കാര്ഡ് സ്വന്തമാക്കിയത്. ഹുലാഹൂപ് കറക്കുന്നതിനൊപ്പം അതിവേഗത്തില് കണക്കുകൂട്ടലുകള് നടത്തിയാണ് കൗഷികി വിസ്മയം തീര്ത്തത്.
തളിപ്പറമ്പില് നടന്ന മത്സരത്തില് ഓണ്ലൈന് വഴിയാണ് അമേരിക്കയില് നിന്നുള്ള എലൈറ്റ് വേള്ഡ് റിക്കാര്ഡ് പ്രതിനിധികളുമായി കൗഷികി ഉള്പ്പെടെയുള്ള മത്സരാര്ഥികള് സംവദിച്ചത്. മൂന്ന് മിനിറ്റിനുള്ളില് മൂന്ന് ഒറ്റയക്കസംഖ്യകള് വീതം കൂട്ടി ഉത്തരം നല്കുക എന്നതായിരുന്നു വെല്ലുവിളി. 30 ചോദ്യങ്ങള്ക്കെങ്കിലും ശരിയായ ഉത്തരം നല്കേണ്ടിയിരുന്നു. എന്നാല് കൗഷികി മൂന്ന് മിനിറ്റിനുള്ളില് 56 ചോദ്യങ്ങള്ക്ക് ഹുലാഹൂപ്പിനൊപ്പം കൃത്യമായ ഉത്തരങ്ങള് നല്കി.
മാനന്തവാടിയിലെ വ്യാപാരിയായ നിരണിന്റെയും സീജയുടെയും മകളാണ് കൗഷികി. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്ഥിനിയാണ്. കൗഷികിക്ക് വഴികാട്ടിയായി സഹോദരന് ചാരുതും 2021ല് എലൈറ്റ് ലോകറിക്കാര്ഡ്സ് പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. കലാ-കായിക രംഗത്ത് ഉള്പ്പെടെ കൗഷികിയും സഹോദരന് ചാരുതും മികവ് തെളിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില് സ്കൂളില് നിന്ന് ഒരു ജേതാവിനെ ലഭിച്ച സന്തോഷത്തിലാണ് സ്കൂള് അധികൃതരും.