പ്രതീകാത്മക ചിത്രം
വലിയതുറ: അദാനി എയർപോർട്ട്സിന് കീഴിൽ അഞ്ച് വർഷത്തെ വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും പൂർത്തിയാക്കിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, പ്രോജക്ട് അനന്തയുടെ ഭാഗമായി നടപ്പാക്കുന്ന 2,500 കോടി ചെലവിലുള്ള അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതിക്ക് ഇന്നു തറക്കല്ലിടും. ഏകദേശം 92,552 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ അന്താരാഷ്ട്ര ടെർമിനലിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷി നിലവിലെ 35 ലക്ഷത്തിൽ നിന്ന് 1.15 കോടിയായി ഉയരും. ആധുനിക ചെക്ക്-ഇൻ സൗകര്യങ്ങൾ, വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ, പുതിയ ബാഗേജ് സംവിധാനങ്ങൾ, കൂടുതൽ റീട്ടെയിൽ-ഡ്യൂട്ടി ഫ്രീ സൗകര്യങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിമാനത്താവളത്തിന്റെ പ്രതിദിന വിമാന സർവീസുകളുടെ എണ്ണം 45-ൽ നിന്ന് 90 ആയിരുന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം ഏകദേശം 5,500ൽ നിന്ന് 15,000 ആയി ഉയർന്നു. പ്രവർത്തിക്കുന്ന വിമാനക്കമ്പനികളുടെ എണ്ണം 11ൽ നിന്ന് 17 ആയി വർധിച്ചു. 2025- 26 സാമ്പത്തിക വർഷത്തിൽ 47 ലക്ഷം യാത്രക്കാരെയും 31,366 വിമാന നീക്കങ്ങളെയും വിമാനത്താവളം കൈകാര്യം ചെയ്തു. നിലവിൽ 14 അന്താരാഷ്ട്ര, 8 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിയും വിമാനത്താവളത്തിനുണ്ട്.