പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്കും കടൽഭീഷണി നേരിടുന്ന തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുമായി സർക്കാർ ആവിഷ്കരിച്ച പുനർഗേഹം പദ്ധതിയിൽ അനുവദിച്ച വീടുകളുടെ തുക വിതരണം ചെയ്യുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. നാലു ഗഡുക്കളായി ലഭിക്കേണ്ട ധനസഹായം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ, കടൽഭീഷണിക്കിടയിൽ സുരക്ഷിതമായ വീടെന്ന സ്വപ്നത്തിനായി വർഷങ്ങളായി കാത്തിരിക്കുകയാണ് നിരവധി കുടുംബങ്ങൾ. ഫിഷറീസ് വകുപ്പിന്റെയും സർക്കാരിന്റെയും അനാസ്ഥയും നടപടിക്രമങ്ങളിലെ കാലതാമസവും മത്സ്യത്തൊഴിലാളികളുടെ ദുരിതം വർധിപ്പിക്കുകയാണെന്ന് ഫെഡറേഷൻ കുറ്റപ്പെടുത്തി.
കടലാക്രമണ ഭീഷണിയുള്ള വീടുകളിൽനിന്ന് മാറിത്താമസിക്കാൻ കഴിയാതെ ഭീതിയോടെ കഴിയുന്ന കുടുംബങ്ങൾക്കു സമയബന്ധിതമായി ധനസഹായം ലഭ്യമാക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഓലപ്പുരയിൽനിന്ന് സുരക്ഷിതമായ കോൺക്രീറ്റ് വീട്ടിലേക്ക് മാറാമെന്ന മത്സ്യത്തൊഴിലാളികളുടെ സ്വപ്നം ഫണ്ട് വിതരണത്തിലെ കാലതാമസംമൂലം അകലുകയാണ്. പുനർഗേഹം പദ്ധതിയിൽ അനുവദിച്ച തുകയുടെ എല്ലാ ഗഡുക്കളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും തടസങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനും ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ സംസ്ഥാന ചീഫ് കോർഡിനേറ്റർ ഡോ. എഫ്.എം. ലാസർ, തൃക്കണ്ണപുഴ ശശിധരൻ, വർക്കല സാബേഷൻ, നെപ്പോളിയൻ ഫ്രാൻസിസ്, ടി.പി. പ്രേകുമാർ, വിപിൻദാസ്, പൂന്തുറ ജലസ്തിൻ, തുമ്പ ഫ്രാൻസിസ്, മരിയകുട്ടി ജസ്റ്റിൻ, കൊല്ലംകോട് അജിത, മറിയംകുട്ടി ആൽബൻസ്, റംല ബീവി, എന്നിവർ പ്രസംഗിച്ചു.